കശ്മീര്‍ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി
താഴ്‌വരയില്‍ ഇന്നലെ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 18കാരന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി.
കശ്മീര്‍ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയണമെന്നും ജമ്മുകശ്മീരിലെ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. താഴ്‌വരയില്‍ ഇന്നലെ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 18കാരന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി.
മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. സംഘര്‍ഷം നീണ്ട് പോകുന്നത് ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമായുള്ള അകലം വര്‍ധിപ്പിക്കും. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
സംഘര്‍ഷത്തില്‍ കശ്മീര്‍ യുവാക്കളുടേതായാലും സുരക്ഷ സൈനികരുടേതായാലും ജീവന്‍ നഷ്ടപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് പ്രസിഡണ്ട് ജിഎ മിര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറില്‍ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തിലാണ് കണ്ണീര്‍ വാതകഷെല്ലുകള്‍ പതിച്ച് 18 കാരനായ ഇര്‍ഫാന്‍ ഫയാസ് വാനി കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 67 പേര്‍ മരിക്കുകയും പതിനയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.