ലൈംഗിക ശേഷിയില്ലെന്ന് റാം റഹിം; രണ്ടു മക്കളില്ലേയെന്ന് ജഡ്ജി
ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്സംഗം ചെയ്തുവെന്ന വാദം ശരിയല്ലെന്നും കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.
ബലാത്സംഗക്കേസിൽ നിന്ന് തടിയൂരാനായി ലൈംഗിക ശേഷിയില്ലാത്തവനാണ് താനെന്ന വിചിത്ര വാദവുമായി ഗുർമീത് റാം റഹീം സിങ് സിബിഐ കോടതിയിൽ. 999 ൽ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് ഗുർമീതിനെതിരെയുള്ള കേസ്. എന്നാൽ 1990നു ശേഷം തനിക്ക് ലൈംഗിക ശേഷിയില്ലെന്നാണ് ഗുർമീത് കോടതിയിൽ അവകാശപ്പെട്ടത്. ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്സംഗം ചെയ്തുവെന്ന വാദം ശരിയല്ലെന്നും കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.
എന്നാൽ, ഗുർമീതിന്റെസാക്ഷികൾ തന്നെ അദ്ദേഹത്തിന്‍റെ വാദത്തെ പൊളിച്ചു. ഗുർമീതിന് രണ്ട് പെൺകുട്ടികളുണ്ടെന്ന സാക്ഷിയുടെ മൊഴി ലൈംഗിക ശേഷിയില്ലെന്ന വാദം പൊള്ളയാണെന്നതിന് തെളിവാണെന്ന് കോടതി പറഞ്ഞു. ദേരാ ഹോസ്റ്റലിൽ അദ്ദേഹത്തിന്‍റെ കൗമാരക്കാരായ പെൺകുട്ടികൾ ഉണ്ടെന്നാണ് വാർഡർ നൽകിയ മൊഴി. ഇതേടെ ഗുർമീതിന്‍റെ വാദം ജഡ്ജി തള്ളി. കാട്ടു മൃഗമെന്ന് ഗുർമീതിനെ വിശേഷിപ്പിച്ച ജഡ്ജി ഇയാൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരു കേസുകളിലുമായി 10 വർഷം വീതം 20 വർഷത്തെ തടവും വിധിച്ചു.