''പശുവിന്‍ പാല്‍ ബീഫിനേക്കാള്‍ ആരോഗ്യപ്രദം'': പശുവിന്‍ പാലില്‍ ഇഫ്താര്‍ പാര്‍ട്ടികളൊരുക്കി ആര്‍എസ്എസ്

Update: 2018-06-04 00:56 GMT
''പശുവിന്‍ പാല്‍ ബീഫിനേക്കാള്‍ ആരോഗ്യപ്രദം'': പശുവിന്‍ പാലില്‍ ഇഫ്താര്‍ പാര്‍ട്ടികളൊരുക്കി ആര്‍എസ്എസ്
Advertising

25 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്

25 സംസ്ഥാനങ്ങളില്‍ പശുവിന്‍ പാലില്‍ ഇഫ്താര്‍ പാര്‍ട്ടികളൊരുക്കി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ മുസ്‍ലിം വിംഗ് ആയ മുസ്‍ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ പാര്‍ട്ടികള്‍ ഒരുക്കുന്നത്. പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ മുഹമ്മദ് അഫ്സല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2002 ലാണ് ആര്‍എസ്എസ് നേതാവായിരുന്ന കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ മുസ്‍ലിംകള്‍ക്കിടയിലേക്ക് കൂടി വളര്‍ത്തുക എന്ന ലക്ഷ്യം വെച്ച് മുസ്‍ലിം രാഷ്ട്രീയ മഞ്ച് രൂപീകരിക്കുന്നത്.

ഇത്തരത്തിലുള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബീഹാറിലും ഛത്തീസ്ഗഡിലും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ബംഗാളില്‍ അടുത്ത ആഴ്ചയാണ് തുടക്കമിടുന്നത്.

പശുവിന്‍ പാല്‍ ബീഫിനേക്കാള്‍ ആരോഗ്യപ്രദമാണ്. അതുകൊണ്ടാണ് നോമ്പുതുറക്കാന്‍ തങ്ങള്‍ പശുവിന്‍ പാല്‍ വിളമ്പാന്‍ തീരുമാനിച്ചത്. 25 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്ന് പറയുന്നു പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ മുഹമ്മദ് അഫ്സല്‍. ഇത്തരത്തിലുള്ള കൂടുതല്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തുന്നത് യുപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനം പുറത്തുവന്നതിന് ശേഷമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. കേരളം, പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റമദാന്‍ ആരംഭത്തിന് തൊട്ടുമുമ്പ് വന്ന വിജ്‍ഞാപനത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദ്യം ചെയ്തിരുന്നു.

ബീഹാറില്‍ പശുവിന്‍പാല്‍ കൊണ്ടുള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 38 ജില്ലകളിലും ഇങ്ങനെയുള്ള പാര്‍ട്ടികള്‍ നടത്തുമെന്ന് പറയുന്നു ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി തുഫൈല്‍ ഖാന്‍ ഖാദിരി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇതിനകം ഒരു ഡസന്‍ ഇഫ്താര്‍ പാര്‍ട്ടികളാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ചത്. റമദാന്റെ പത്താം നോമ്പ് മുതലാണ് ബംഗാളില്‍ ഇത്തരം ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് മുസ്‍ലിം രാഷ്ട്രീയ മഞ്ച് തുടക്കം കുറിക്കുന്നത്.

Tags:    

Similar News