യുപിയില്‍ 24 മണിക്കൂറിനിടെ ആറ് ഏറ്റുമുട്ടലുകള്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2018-06-04 12:43 GMT
Editor : Sithara
യുപിയില്‍ 24 മണിക്കൂറിനിടെ ആറ് ഏറ്റുമുട്ടലുകള്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ഗുണ്ടാ ഉന്മൂലനത്തിന്‍റെ പേരില്‍ യുപിയില്‍ 1400ലധികം ഏറ്റുമുട്ടല്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

ഉത്തര്‍ പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ തുടര്‍ക്കഥയാകുന്നു. 24 മണിക്കൂറിനിടെ ആറ് ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്തുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ഗുണ്ടാ ഉന്മൂലനത്തിന്‍റെ പേരില്‍ യുപിയില്‍ 1400ലധികം ഏറ്റുമുട്ടല്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്ന് ആരോപണമുണ്ട്.

വിവിധ കൊലപാതക കേസുകളിലെ പ്രതിയും പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ആളുമായ ശ്രാവണ്‍ ചൌധരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഡല്‍ഹിക്ക് സമീപമുള്ള നോയിഡയില്‍ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടലെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായും വിശദീകരണമുണ്ട്. സഹരന്‍പൂരില്‍ അഹ്സന്‍ എന്നയാളെയും പൊലീസ് വധിച്ചു. ബൈക്കിലെത്തി ബാഗ് പിടിച്ച് പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു വെടിവെപ്പ്.

Advertising
Advertising

ദാദ്രി, മുസ്സഫര്‍ നഗര്‍, ഗാസ്സിയബാദ് എന്നിവിടങ്ങളിലും ഇന്നലെ രാത്രി വെടിവെപ്പുണ്ടായി. മുസഫര്‍ നഗറിലെ ഏറ്റമുട്ടലില്‍ ജാവേദ്, റഹീസ് എന്ന രണ്ടു ക്രിമിനല്‍ കേസ് പ്രതികളെ പരിക്കുകളോടെ പിടികൂടിയെന്ന് പൊലീസ് പറയുന്നു. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നിയമവും നടപടിക്രമങ്ങളും ലംഘിച്ച് പോലീസിന് ആരെയും കൊല്ലാന്‍ അനുവാദം നല്‍കിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനകം കൊല്ലപ്പെട്ടവരില്‍ ക്രിമിനലുകള്‍ക്കൊപ്പം നിരപരാധികളും ഏറെയുണ്ട്.

യോഗി സര്‍ക്കാര്‍ വന്നശേഷം പൊലീസ് പങ്കെടുത്ത ഏറ്റുമുട്ടലുകളില്‍ 1400 എണ്ണമെങ്കിലും വ്യാജമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് കൂട്ടായ്മ സംഘടിപ്പിച്ച വിചാരണ സദസ്സ് പുറത്ത് വിട്ടിരുന്നു. ദലിതരും മുസ്‍ലിംകളുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിലധികവും എന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News