പൊതുബജറ്റ് നാളെ; ജനപ്രിയപദ്ധതികള്‍ക്ക് സാധ്യത

Update: 2018-06-05 03:51 GMT
പൊതുബജറ്റ് നാളെ; ജനപ്രിയപദ്ധതികള്‍ക്ക് സാധ്യത
Advertising

റെയില്‍വേ നിരക്ക് കൂട്ടാനിടയില്ല

പൊതു ബജറ്റ് നാളെ അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റായതിനാല്‍തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റെയില്‍വേ ടിക്കറ്റ്നിരക്ക്വര്‍ദ്ധനയ്ക്ക് സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ഒപ്പം തന്നെ 8 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ജനപ്രിയപദ്ധതികള്‍ ബജറ്റില് ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നടപ്പാക്കിയതിലൂടെ കേന്ദ്രത്തിന്റെ നികുതി വരുമാനം ഏറിയത് ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തല്‍.

പുതിയ വന്‍കിട പദ്ധതികള്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല. കാര്‍ഷിക, ആരോഗ്യമേഖലകളില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. വാര്‍ധക്യകാല പെന്‍ഷനും മിനിമം കൂലിയും ഉയര്‍ത്തണമെന്ന ഏറെകാലമായുള്ള ആവശ്യവും പരിഗണിക്കപ്പെടുമെന്നാണ് സൂചന. ആദായനികുതി നിരക്കുകളില്‍ ഈ ബജറ്റിലും കേന്ദ്രം ഇളവ് അനുവദിച്ചേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. നികുതിയേതരവരുമാനത്തിലെ കുറവ് നികത്തുന്നത് ലക്ഷ്യമിട്ട് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയേറെയാണ്.

നിരവധി തീവണ്ടി അപകടങ്ങളുണ്ടായ പശ്ചാത്തലത്തില്‍ റെയില്‍വേ സുരക്ഷയ്ക്കായി വലിയതുക ഈ ബജറ്റില്‍ വകയിരുത്തിയേക്കും. സ്റ്റേഷനുകളുടേയും പാളങ്ങളുടേയും നവീകരണത്തിനും കോടികള്‍ വകയിരുത്തും. സുരക്ഷയുടെ ഭാഗമായി തീവണ്ടികളിലും സ്റ്റേഷനുകളിലും സിസിടിവി ക്യമറകള്‍ സ്ഥാപിക്കുന്നതിനും തുക അനുവദിക്കും. പുതിയ തീവണ്ടികളും റൂട്ടുകളുടേയും പ്രഖ്യാപനത്തിനും സാധ്യതയേറെയാണ്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്.

Tags:    

Similar News