പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ അമ്പരപ്പില്‍ കോണ്‍ഗ്രസ്

Update: 2018-06-05 22:08 GMT
Editor : Sithara
പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ അമ്പരപ്പില്‍ കോണ്‍ഗ്രസ്
Advertising

വിഷയത്തില്‍ പ്രണബ് മുഖര്‍ജിയുടെ ഓഫീസ് പ്രതികരിക്കട്ടെയെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമ്പരപ്പ്. വിഷയത്തില്‍ പ്രണബ് മുഖര്‍ജിയുടെ ഓഫീസ് പ്രതികരിക്കട്ടെയെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന സംഘ ശിക്ഷാ വര്‍ഗ് പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. പ്രചാരകര്‍ ആകാന്‍ യോഗ്യത നേടിയവര്‍ക്കുള്ള ക്യാമ്പാണിത്. പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ അമ്പരപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയം ഉപേക്ഷിച്ചിട്ടാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്‍രെ നിലപാട് എന്താണെന്ന് അറിയില്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രണബ് മുഖര്‍ജി തന്നെ പ്രതികരിക്കട്ടെയന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുത്താല്‍ അതിലെന്താണ് തെറ്റെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചോദിച്ചു. സംഘടനയെ കുറിച്ച് അറിയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അത്ഭുതമുണ്ടാകില്ലെന്നായിരുന്നു ആര്‍എസ്എസിന്‍റെ പ്രതികരണം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം അടക്കമുള്ള പ്രമുഖരെ സംഘടന ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്നാണ് അറിയിച്ചതെന്നും ആര്‍എസ്എസ് വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News