സുപ്രീംകോടതി വിധിക്ക് ശേഷവും ഡല്‍ഹിയില്‍ അധികാരതര്‍ക്കം; ലഫ്. ഗവര്‍ണര്‍- കെജ്‌രിവാള്‍ കൂടിക്കാഴ്ച ഇന്ന്
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് ഡൽഹിയിൽ അധികാരമെന്ന സുപ്രീം കോടതി ഉത്തരവിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ലെഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നത്.
സുപ്രീം കോടതി വിധിക്ക് ശേഷവും ഡല്‍ഹിയിലെ അധികാരതര്‍ക്കം തുടരുന്നു. തന്റെ അധികാരത്തില്‍ വ്യക്തത വരുത്തണമെന്ന് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ലഫ്. ഗവര്‍ണറുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് കൂടിക്കാഴ്ച നടത്തും. കോടതി വിധി നടപ്പാക്കാൻ ലെഫ്റ്റനന്റ് ഗവർണർ സഹകരിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് ഡൽഹിയിൽ അധികാരമെന്ന സുപ്രീം കോടതി ഉത്തരവിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ലെഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സ്ഥലംമാറ്റത്തിനുള്ള സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അധികാരം ലെഫ്റ്റനന്‍റ് ഗവര്‍ണറില്‍ നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണ് സ്ഥലംമാറ്റത്തിനുള്ള അധികാരം. എന്നാല്‍ ഉത്തരവ് അംഗീകരിക്കാതെ സേവന വിഭാഗം സെക്രട്ടറി ഫയല്‍ സര്‍ക്കാരിന് തിരിച്ചയച്ചു. നിഷേധ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യകേസ് നല്‍കുമെന്നാണ് സര്‍ക്കാറിന്‍റെ നിലപാട്.
കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്ന് വ്യക്തമാക്കി ഇന്നലെ മുഖ്യമന്ത്രി ലെഫ്റ്റനന്‍റ് ഗവര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കൂടിക്കാഴ്ചക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തയ്യാറായത്.
വൈകിട്ട് മൂന്ന് മണിയോടെയാകും കൂടിക്കാഴ്ച. അതേ സമയം സേവന വകുപ്പിന്റെ അധികാരം ആർക്കാണെന്ന് വ്യക്തമാക്കണമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.