നാളെ മോദിക്കും ചെങ്കോട്ടക്കും സുരക്ഷ ഇങ്ങനെ..

70,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടയിലെ സുരക്ഷാ സംവിധാനത്തിനായി നിയോഗിച്ചിട്ടുള്ളത്. സ്വാതന്ത്യദിനത്തിന് രണ്ട് ദിവസം മുമ്പ് ഉമര്‍ ഖാലിദിന് നേരെ നടന്ന വധശ്രമവും പൊലീസിന് വെല്ലുവിളിയായിട്ടുണ്ട്.

Update: 2018-08-14 16:38 GMT
Advertising

ഇന്ത്യയുടെ 72ആമത്തെ സ്യാതന്ത്യദിനാഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് രാജ്യ തലസ്ഥാനം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. ഈ അവസരത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ദേശീയ സുരക്ഷാ സേന(എന്‍.എസ്.ജി- നാഷ്ണല്‍ സെക്യുരിറ്റി ഗാര്‍ഡ്)യുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

70,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടയിലെ സുരക്ഷാ സംവിധാനത്തിനായി നിയോഗിച്ചിട്ടുള്ളത്. സ്വാതന്ത്യദിനത്തിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ തലസ്ഥാനത്ത് നടന്ന വധശ്രമവും പൊലീസിന് വെല്ലുവിളിയായിട്ടുണ്ട്.

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ഏര്‍പ്പെടുത്തുന്ന പ്രധാന സുരക്ഷാസംവിധാനങ്ങള്‍

1. 10,000ത്തോളം പൊലീസുകാരെയാണ് ഫോര്‍ട്ടിന്റെ മുഗള്‍ ഭാഗത്തായി വിന്യസിച്ചിരിക്കുന്നത്. ഇവിടെ നിന്നാല്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, സാധാരണ ജനങ്ങള്‍ എന്നിവരെയെല്ലാം നിരീക്ഷിക്കാനാകും.

2. അസ്വാഭാവികമായി അലഞ്ഞു തിരിയുന്ന തരത്തില്‍ പട്ടങ്ങളും മറ്റും റെഡ് ഫോര്‍ട്ടിന്റെ ആകാശ ഭാഗത്ത് വരുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധ വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗസമയത്ത് ഒരു കറുത്ത പട്ടം താഴെവന്ന് വീഴുകയുണ്ടായി. അതിനാല്‍ തന്നെ ഇത്തവണ രാവിലെ 11മണി വരെ പ്രദേശത്ത് പട്ടം പറത്തുന്നതിനും വിലക്കുണ്ട്.

3. റെഡ്ഫോര്‍ട്ടിലേക്കുള്ള വഴികളിലും മറ്റുമായി 500ലധികം സിസിടിവികളാണ് സ്ഥാപിച്ചിട്ടുള്ളത്. റെഡ്ഫോര്‍ട്ടില്‍ മാത്രമായി 200ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കും.

4. ഇത്തവണ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ വെപണ്‍സ് ആന്റ് ടാക്റ്റിക്സ് യൂണിറ്റില്‍ നിന്നുള്ള 36 വനിതകളെ കൂടി സുരക്ഷാചുമതലകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടിട്ടുണ്ട്.

5. സുരക്ഷയെ തകിടംമറിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിനായി നേരത്തെ തന്നെ റെഡ്ഫോര്‍ട്ടിന്റെ സമീപപ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍, മറ്റു താമസസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടുണ്ട്.

6. ദേശീയ സുരക്ഷാ സേന കമാൻഡോകളുടെ നേതൃത്വത്തില്‍ ഒരു സുരക്ഷാവലയം ഫോര്‍ട്ടിന്റെ അകത്തളത്ത് രൂപീകരിക്കും. ഇതിലൂടെ ഡ്രോൺ, അസ്ത്രങ്ങള്‍ പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വ്യോമാക്രമണം തടയാനാകും.

7. പാരാഗ്ലൈഡിങ്, പറക്കുന്ന യുഎവി, ഹോട്ട് എയർ ബലൂൺ എന്നിവയുൾപ്പെടെയുള്ളവക്ക് ഇതിനകം ഡൽഹി പൊലീസ് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8. ഔദ്യോഗിക വസതിയിൽ നിന്നും ചെങ്കോട്ടയിലേക്കുള്ള പ്രധാനമന്ത്രിയുടെ ഘോഷയാത്രയെ നൂറുകണക്കിന് വരുന്ന സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നിരീക്ഷിക്കും.

9. ഡൽഹി പോലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും പ്രത്യേക നിരീക്ഷകര്‍ പാർക്കിങ് ഏരിയകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൊലീസ് നായയെയും വിപുലമായ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി വിന്യസിക്കും.

10. ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്‍ വ്യക്തമാക്കി. അതേസമയം ലാൽ ഖില, ജുമാമസ്ജിദ്, ദില്ലി ഗേറ്റ്, ഐ.ടി.ഒ തുടങ്ങിയ സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സമയത്ത് പ്രവേശനത്തിനും പുറത്ത് കടക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടുമണി വരെ ഈ സ്ഥലങ്ങളില്‍ പാർക്കിങ് അനുവദിക്കില്ലെന്നും ഡി.എം.ആർ.സി. അറിയിച്ചു.

Tags:    

Similar News