ത്രിപുരയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ത്രിപുര മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന ബിശ്വജിത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. 68കാരനായ ബിശ്വജിത് ദത്ത 1964 മുതല്‍ സിപിഐഎമ്മിന്റെ ഭാഗമായിരുന്നു.
ഖൊവായ് മുന്‍ എംഎല്‍എയായിരുന്ന ദത്തയെ സിപിഐഎം ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്‍വലിച്ചിരുന്നു. ഇതോടെ ഏപ്രില്‍ 18ന് സിപിഐഎമ്മിലെ എല്ലാ സ്ഥാനങ്ങളും അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഇതിന് പിറകെയാണ് ദത്തയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം. ഖൊവായില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ദിയോദറിന്റെ സാന്നിധ്യത്തിലായിരുന്നു ദത്തയുടെ ബിജെപി പ്രവേശം.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ദത്തയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് മാറ്റുകയായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ജനുവരി 28ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം എസ്എഫ്ഐ നേതാവായ നിര്‍മല്‍ ബിശ്വാസിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 2700 വോട്ടിന്റെ മാര്‍ജിനില്‍ നിര്‍മല്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ തനിക്കെതിരെ സിപിഐഎമ്മില്‍ ഗൂഢാലോചന നടന്നതായി ദത്ത ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആരോഗ്യം തനിക്ക് ഉണ്ടായിരുന്നതായും സിപിഐഎം നാടകം നടത്തി സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം ബിശ്വജിത്ത് ദത്തയുടെ ആരോപണങ്ങള്‍ സിപിഐഎം തള്ളി. ''എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് ദത്തയുടെ ആരോഗ്യസ്ഥിതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ തന്നെ മോശമായിരുന്നു എന്നത്. ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് മത്സരിപ്പിക്കാതിരുന്നത്. അതേസമയം പാര്‍ട്ടിയില്‍ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ ബിശ്വജിത് ദത്തക്ക് പാര്‍ട്ടി എപ്പോഴും പ്രധാന്യം നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട സംഭവത്തില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല.'' സിപിഐഎം നേതാവും ത്രിപുര മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ പബിത്ര കര്‍ പറഞ്ഞു.