സ്ത്രീകൾക്ക് മാത്രം പോരാ; പുരുഷന്മാർക്കും കമ്മീഷൻ വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാർ
വനിതകൾ സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാൽ ഭാര്യമാരുടെ പീഡനങ്ങൾക്കിരയാകേണ്ടി വരുന്ന പുരുഷന്മാർക്ക് വേണ്ടി പ്രത്യേക കമ്മീഷൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി രണ്ടു ബിജെപി എംപിമാർ രംഗത്ത്. ഉത്തർ പ്രദേശിലെ ഗോസിയിൽ നിന്നുള്ള ലോക്സഭാംഗം ഹരിനാരായൺ രാജ്ഭർ, ഹർദോയിൽ നിന്നുള്ള ബിജെപി അംഗം അൻഷുൽ വർമ്മ എന്നിവരാണ് വനിതാ കമ്മീഷന് സമാനമായി 'പുരുഷ് ആയോഗ്' വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ ആവശ്യത്തിന് പിന്തുണ തേടി സെപ്തംബര് 23 ന് പൊതു പരിപാടി സംഘടിപ്പിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ആർക്കും എന്ത് ആവശ്യവും മുന്നോട്ട് വെക്കാൻ അവകാശമുണ്ട് എന്നും നിലവിൽ ഒരു പുരുഷ കമ്മീഷന്റെ ആവശ്യം ഇല്ല എന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചു.
വിഷയം പാർലമെന്റിലും അവതരിപ്പിച്ചിട്ടുണ്ടെന്ന് രാജ്ഭറും വർമ്മയും പറഞ്ഞു. "സ്ത്രീകളുടെ പീഡനം അനുഭവിക്കേണ്ടി വരുന്ന ധാരാളം പുരുഷന്മാരും ഉണ്ട്. ഇത്തരം നിരവധി കേസുകളാണ് കോടതികൾക്ക് മുമ്പിലുള്ളത്. സ്ത്രീകൾക്ക് നീതി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ വനിതാ കമ്മീഷനും മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാൽ, പുരുഷന് നീതി ലഭ്യമാക്കൻ നിലവിൽ അത്തരം സംവിധാനങ്ങൾ ഇല്ല. വനിതാ കമ്മീഷന് സമാനമായി പുരുഷ കമ്മീഷനും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്," രാജ്ഭർ പറയുന്നു.
എല്ലാ സ്ത്രീകളും പുരുഷന്മാരും നിയമം ദുരുപയോഗം ചെയ്യുന്നവരാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും എന്നാൽ പീഡനം അനുഭവിക്കേണ്ടി വരുന്നവരിൽ സ്ത്രീകളെ പോലെതന്നെ പുരുഷന്മാരും ഉണ്ട് എന്നും രാജ്ഭർ പറഞ്ഞു. അവരുടെ പരാതികൾ കൂടി പരിഗണിക്കാനുള്ള സംവിധാനം വേണം. ഈ ആവശ്യം താൻ പാർലമെന്റിലും ഉന്നയിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം, താൻ കൂടി അംഗമായ ഒരു പാർലമെന്ററി സമിതിക്കു മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അൻഷുൽ വർമ്മ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ 498 എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് ഭേദഗതി ചെയ്യണമെന്നും ശർമ്മ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള ക്രൂരത, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള പീഡനം, തുടങ്ങിയ കാര്യങ്ങളാണ് 498 എ കൈകാര്യം ചെയ്യുന്നത്.
1998 നും 2015 നും ഇടയിൽ 27 ലക്ഷം പുരുഷന്മാരാണ് 498 എ വകുപ്പ് പ്രകാരം അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ശർമ്മ അവകാശപ്പെട്ടു. "പുരുഷനും തുല്യതക്കുള്ള അവകാശമുണ്ട്. അവനും നീതി ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്," ശർമ്മ പറഞ്ഞു.
സ്ത്രീകൾ തങ്ങൾക്കെതിരെ വ്യാജ കേസുകൾ കെട്ടിച്ചമക്കുന്നതായി ധാരാളം പുരുഷന്മാർ തനിക്ക് പരാതി അയക്കുന്നുണ്ടെന്ന് വനിതാക്ഷേമ മന്ത്രി മനേകാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. അത്തരം പരാതികൾ ഓൺലൈൻ ആയി സ്വീകരിക്കാൻ വനിതാ കമ്മീഷൻ സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യാതെ നടപടികൾ കൈക്കൊള്ളാൻ സാധിക്കുകയില്ല എന്നാണ് വനിതാ കമ്മീഷൻ അന്ന് മറുപടി പറഞ്ഞത്.