ജമ്മുകശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റിയേക്കും
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അധ്യക്ഷനായ സ്റ്റേറ്റ് അഡ്വൈസറി കൌണ്‍സില്‍ ഉടന്‍ തീരുമാനമെടുക്കും.
നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ബഹിഷ്കരിച്ചതോടെ അനിശ്ചിതത്വത്തിലായ ജമ്മുകശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റിയേക്കും. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അധ്യക്ഷനായ സ്റ്റേറ്റ് അഡ്വൈസറി കൌണ്‍സില്‍ ഉടന്‍ തീരുമാനമെടുക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയുമായി ബന്ധപ്പെട്ട അനുച്ഛേദം 35 എയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്കരണം.
ജമ്മുകശ്മീരില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടീകളുടെ ബഹിഷ്കരണത്തോടെ അനിശ്ചിതത്വത്തിലായത്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബഹിഷ്കരിക്കാനുള്ള തീരുമാനം പി.ഡി.പി എടുത്തത്. 35 എ സംബന്ധിച്ച നിലപാട് കേന്ദ്രം പുനപരിശോധിക്കണമെന്ന് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. പഞ്ചായത്ത് - ലോക്സഭ തെരഞ്ഞെടുപ്പുകള്‍ നാഷണല്‍ കോണ്‍പറന്‍സ് ബഹിഷ്കരിക്കുന്നതായി ഫറൂഖ് അബ്ദുള്ളയും അറിയിച്ചിരുന്നു.
സ്വതന്ത്ര എം.എല്‍.എയായ എഞ്ചിനിയര്‍ റാഷിദും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി. കേന്ദ്രം നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വ്യര്‍ത്ഥമാണെന്നും അനുച്ഛേദം 35എ സംരക്ഷണത്തിന് കോടതിക്ക് പുറത്ത് നടപടി സ്വീകരിക്കും വരെ വിട്ടുനില്‍ക്കുമെന്നും പാര്‍ട്ടികള്‍ അറിയിച്ചു. ബഹിഷ്കരണത്തെ വിമര്‍ശിച്ച ബി.ജെ.പി-പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അവസരവാദ പാര്‍ട്ടികളാണെന്ന് കുറ്റപ്പെടുത്തി.