നാല് വര്‍ഷം കൊണ്ട് 9 കോടി കക്കൂസ് പണിതുവെന്ന് നരേന്ദ്ര മോദി
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെ നീളുന്ന സ്വച്ഛതാ ഹി സേവ പദ്ധതി വിജയമാക്കാന്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണ ആവശ്യമാണെന്നും മോദി പറഞ്ഞു.
സ്വച്ഛ് ഭാരത് എന്ന ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛതാ ഹി സേവ കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. നാല് വര്‍ഷം കൊണ്ട് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4.5 ലക്ഷം ഗ്രാമങ്ങളിലായി ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞുവെന്നും വരുംനാളുകളില്‍ രാജ്യത്തെ ജനങ്ങള്‍ സ്വച്ഛതാ ഹി സേവ പദ്ധതി വിജയിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെ നീളുന്ന സ്വച്ഛതാ ഹി സേവ പദ്ധതി വിജയമാക്കാന്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണ ആവശ്യമാണെന്നും മോദി പറഞ്ഞു. രാഷ്ട്രപിതാവിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കക്കൂസിന്റെ കാര്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 40 ശതമാനത്തില്‍ നിന്ന് 90 ശതമാനമാകാന്‍ രാജ്യത്തിന് സാധിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. തുറസായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജനം നടത്തിയിരുന്ന 450 ജില്ലകള്‍ അല്ലെങ്കില്‍ 20 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ വെറും നാലു വര്‍ഷം കൊണ്ട് കക്കൂസുകളിലേക്ക് മാറിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ലെന്നും മോദി വ്യക്തമാക്കി.