സൊഹ്‌റാബുദ്ദീന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

സത്യം പുറത്തുപറയാത്ത വിധം നിസഹായരാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നാണ് ഗുജറാത്ത് പൊലീസിലെ മുന്‍ ഇന്‍സ്‌പെക്ടറായ സോളങ്കിയുടെ ആരോപണം. സോളങ്കിക്കുള്ള പൊലീസ് സംരക്ഷണം അവസാനിപ്പിച്ചത് ആസൂത്രിതമെന്നും...

Update: 2018-09-21 10:07 GMT
Advertising

സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി.എല്‍ സോളങ്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം വര്‍ഷങ്ങളായി തനിക്ക് അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം അവസാനിപ്പിച്ചു. തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയുണ്ടെന്നും ഗുജറാത്ത് പൊലീസില്‍ നിന്നും വിരമിച്ച ഇന്‍സ്‌പെക്ടര്‍ വസന്ത് ലാല്‍ജിഭായ് സോളങ്കി ദ വയറിനോട് പറഞ്ഞു.

സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സോളങ്കിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ കുടുക്കിയത്. പ്രത്യേക സി.ബി.ഐ കോടതിയില്‍ സോളങ്കി ഹാജരായി മൊഴി നല്‍കിയില്ലെങ്കില്‍ അത് കേസില്‍ നിര്‍ണ്ണായകമാകും. തന്നെ സത്യം പുറത്തുപറയാത്ത വിധം നിസഹായരാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നാണ് ഗുജറാത്ത് പൊലീസിലെ മുന്‍ ഇന്‍സ്‌പെക്ടറായ സോളങ്കിയുടെ ആരോപണം.

വസന്ത് ലാല്‍ജിഭായ് സോളങ്കി

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2009 മുതല്‍ സോളങ്കിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സംരക്ഷണം ജൂലൈ 18ന് കാരണങ്ങളൊന്നും പറയാതെ പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. കേസ് നടക്കുന്ന മുംബൈ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് താന്‍ എത്താതിരിക്കുന്നതിനാണ് ഇത് ചെയ്തതെന്നും സോളങ്കി പറയുന്നു.

'സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ഒരു സിറ്റിങ് ജഡ്ജി പോലും കൊല്ലപ്പെട്ടിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച സാദാ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് എന്തു സുരക്ഷയാണുള്ളത്? ഈ കേസിലെ ഉന്നതരായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. അവര്‍ കൊലപാതകം പോലും നടത്തും' പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ കൊലപാതകം സൂചിപ്പിച്ച് സോളങ്കി പറഞ്ഞു.

പൊലീസ് സുരക്ഷ അവസാനിപ്പിച്ചതില്‍ ഒരു കാരണവും ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല. ഗുജറാത്ത് പൊലീസിനും സുപ്രീംകോടതിക്കും ഗുജറാത്ത് ഹൈക്കോടതിക്കും പ്രത്യേക സി.ബി.ഐ കോടതിക്കും അടക്കം എട്ട് കത്തുകള്‍ ഈ വിഷയത്തില്‍ സോളങ്കി അയച്ചിട്ടുണ്ട്. എന്നാല്‍ ഒരു കത്തിന് പോലും മറുപടി ലഭിച്ചില്ല. കേസിന്റെ വിചാരണ പുരോഗമിക്കുമ്പോള്‍ തന്നെ തന്റെ പൊലീസ് സുരക്ഷ പിന്‍വലിച്ചത് ബോധപൂര്‍വ്വമാണെന്നാണ് സോളങ്കിയുടെ ആശങ്ക. ആള്‍ക്കൂട്ടകൊലപാതകത്തിന് താനും ഭാര്യയും ഇരയാകുമെന്ന പേടിയുണ്ടെന്നും സോളങ്കി തുറന്നുപറയുന്നു.

സൊഹ്‌റാബുദീന്‍ ഷെയ്ക്ക്

മുന്‍ ഗുജറാത്ത് ഐ.ജിയായിരുന്ന ഡി.ജി വെന്‍സാര അടക്കമുള്ള ഉന്നതര്‍ക്കെതിരെ സൊഹ്‌റാബുദീന്‍ കേസില്‍ അന്വേഷണം നടത്തിയ സോളങ്കി തെളിവുകള്‍ നല്‍കിയിരുന്നു. അന്വേഷണത്തിന്റെ മേല്‍ നോട്ടം വഹിച്ചിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ഗീത ജോഹ്‌രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരുടെ കാര്യത്തില്‍ കടുത്ത നടപടികളെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും സോളങ്കി ആരോപിക്കുന്നു. അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ ഇടപെടലെന്നും ആരോപണമുണ്ട്. സോളങ്കിക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം 2004ല്‍ തടഞ്ഞിരുന്നു.

Tags:    

Similar News