രാജ്യത്ത് ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയുക തന്നെ വേണമെന്ന് സുപ്രീം കോടതി
രാജ്യത്ത് ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയുക തന്നെ വേണമെന്ന് സുപ്രീം കോടതി. ഗോരക്ഷയുടെ പേരിലും അല്ലാതെയുമുള്ള അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനോട് 8 സംസ്ഥാനങ്ങളോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ആള്‍കൂട്ട ആക്രമം തടയാന് 12 സുപ്രധാന മാര്‍ഗ്ഗ നിര്‌ദ്ദേശങ്ങളോടെ കഴിഞ്ഞ ജൂലൈയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഈ ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരാമര്‍ശവും നിര്‍ദേശങ്ങളും. ആള്‍ കൂട്ട അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘതം അനുഭവിക്കണം. നിയമം കയ്യിലെടുക്കുന്നതിനുള്ള നിയമ നടപടികള്‍ അവര്‍ തിരിച്ചറിയണെെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ആള്‍ കൂട്ട അക്രമത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റ കൃത്യങ്ങള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കാനുള്ള കോടതി നിര്‍ദേശം മിക്ക സംസ്ഥാനങ്ങളും പാലിച്ചില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി കേന്ദ്രത്തിനോടും 8 സംസ്ഥാനങ്ങളോടും തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.