രൂപയുടെ മൂല്യം വന്‍ തകര്‍ച്ചയില്‍; 73.24 രൂപക്ക് ഒരു ഡോളര്‍

ആഗോള എണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും തകര്‍ച്ചയുടെ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

Update: 2018-10-03 04:11 GMT
Advertising

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിലയില്‍ നിന്ന് വീണ്ടും കൂപ്പുകുത്തി. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 73 കടന്നു. തിങ്കളാഴ്ച 72.91 ലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ തന്നെ 33 പൈസ ഇടിഞ്ഞ് മൂല്യം 73.24 രൂപക്ക് ഒരു ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ആഗോള എണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും തകര്‍ച്ചയുടെ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്‍റെ വില. ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും ഇതിന് കാരണമായിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 85 ഡോളര്‍ കവിഞ്ഞു. ഇറാനില്‍ നിന്നുള്ള എണ്ണ വരവ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നവംബര്‍ നാലിനാണ് പൂര്‍ണമായും പ്രാബല്യത്തില്‍ വരിക. അതോടെ എണ്ണക്ക് തീവിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News