റഫാല്‍ ഇടപാടില്‍ മോദിയെ കുരുക്കി പുതിയ വെളിപ്പെടുത്തല്‍; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നെന്ന് ഫ്രഞ്ച് മാധ്യമം

റഫാല്‍ ഇടപാടില്‍ റിലന്‍സിനെ ഉള്‍പ്പെടുത്തിയതിലെ മോദിയുടെ പങ്ക് ഫ്രഞ്ച് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിലൂടെ പുറത്തായെന്ന് രാഹുല്‍. മോദി അനില്‍ അംബാനിയുടെ മാത്രം പ്രധാനമന്ത്രിയായി മാറിയെന്നും രാഹുല്‍

Update: 2018-10-11 16:32 GMT
Advertising

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്, ഫ്രഞ്ച് മാധ്യമം മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് അടക്കമുള്ളവയിലൂടെ വ്യക്തമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി തിടുക്കപ്പെട്ട് ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു. പ്രതിരോധ മേഖലയിലെ ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും രാഹുല്‍ പറഞ്ഞു.

ഇടപാടില്‍ റിലയന്‍സിനെ പങ്കാളികളാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായാണ് ഫ്രഞ്ച് മാധ്യമം മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലുള്ളത്. തെളിവായി ഡസോള്‍ട്ട് ഏവിയേഷന്റെ രേഖകള്‍ പക്കലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുള്ള പങ്കാളികളെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാങ്സ്വാ ഒലോങ്കും പറഞ്ഞിരുന്നു. സമാനമായ വെളിപ്പെടുത്തല്‍ പ്രതിരോധ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടത്തിയിരുന്നു.

നരേന്ദ്ര മോദി അനില്‍ അംബാനിയുടെ മാത്രം പ്രധാനമന്ത്രിയും കാവല്‍ക്കാരനുമായി മാറിയെന്ന് രാഹുല്‍ വിമര്‍ശിച്ചു. റഫാല്‍‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ പറയേണ്ടത് പുറത്തുവരുന്നത് ഡസോള്‍ട്ട് ഏവിയേഷന്റെ രേഖകളിലൂടെയാണ്. മറ്റ് പ്രതിരോധ ഇടപാടുകളിലെയും വിവരങ്ങള്‍ പതുക്കെ ഉയര്‍ന്നുവരുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി നുണയനാണെന്നും നുണപ്രചാരണം കൊണ്ട് രാഷ്ട്രീയ നേട്ടത്തിനാണ് ശ്രമിക്കുന്നതെന്നും ബി.ജെ.പി മറുപടി നല്‍കി. ജനം ഇക്കാര്യം മനസിലാക്കുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാജ്യസുരക്ഷ വച്ച് നാടകം കളിക്കരുതെന്നും ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു.

Tags:    

Similar News