ദമ്പതികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന് അറസ്റ്റിലായ മുന്‍ എം.പിയുടെ മകന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി
ഡല്‍ഹിയിലെ ഹോട്ടലിന് മുന്നില്‍ വെച്ച് ദമ്പതികള്‍ക്ക് നെരെ തോക്ക് ചൂണ്ടിയതിന് അറസ്റ്റിലായ മുന്‍ ബി.എസ്.പി എം.പിയുടെ മകന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് ആശിഷ് പാണ്ടെയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായതിന് ശേഷം ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ആശിഷ് പാണ്ടെ. കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിക്കാത്തതിനാലാണ് കസ്റ്റഡി നവംബര്‍ 5 വരെ നീട്ടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി എഫ്.ഐ.ആറില്‍ മുന്‍ എം.പിയുടെ മകന്റെ അഹങ്കാരവും തലക്കനവും ഉള്‍പ്പെടുത്തണമെന്നും അയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഡല്‍ഹിയിലെ ഹയാത്ത് റീജന്‍സി ഹോട്ടലിനു മുന്നില്‍ ആശിഷ് പാണ്ടെയും കൂടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു ദമ്പതികളോട് കയര്‍ക്കുന്നതും തുടര്‍ന്ന് പാണ്ടെ തോക്ക് ചൂണ്ടുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.