ഛത്തിസ്ഗഢ് ആര് ഭരിക്കണമെന്ന് ദലിതുകള്‍ തീരുമാനിക്കും
ആകെയുള്ള 90 സീറ്റില്‍ 39 സീറ്റ് പട്ടിക വിഭാഗത്തിന് സംവരണം ചെയ്തതാണ്. ദലിത് വോട്ടുകളിലേക്ക് അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ്- ബി.എസ്.പി സഖ്യം കടന്നുകയറുമോ എന്ന പേടി കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുണ്ട്
ഛത്തിസ്ഗഢ് ആര് ഭരിക്കണമെന്ന് ദലിതുകള്‍ തീരുമാനിക്കും. ആകെയുള്ള 90 സീറ്റില്‍ 39 സീറ്റ് പട്ടിക വിഭാഗത്തിന് സംവരണം ചെയ്തതാണ്. ദലിത് വോട്ടുകളിലേക്ക് അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ്- ബി.എസ്.പി സഖ്യം കടന്നുകയറുമോ എന്ന പേടി കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുണ്ട്.
കോണ്‍ഗ്രസിന്റെ വോട്ടുകളിലാണ് അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് വിള്ളലുണ്ടാക്കുക. ദലിതര്‍ക്കിടയില്‍ ബി.എസ്.പിയ്ക്കുള്ള സ്വാധീനം തലവേദനയാകുക ബി.ജെ.പിയ്ക്കും. ധാരണ പ്രകാരം ജെ.സി.സി 55 സീറ്റിലും ബി.എസ്.പി 35 സീറ്റിലും മത്സരിക്കുന്നു. പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെ വോട്ട് ജെ.സി.സിക്ക് ലഭിക്കുന്നുവെന്ന് ബി.എസ്.പി ഉറപ്പാക്കിയാല്‍ തെരഞ്ഞെടുപ്പുഫലം പ്രവചനാതീതമാകും.
ജെ.സി.സി-ബി.എസ്.പി സഖ്യം മുന്നില്‍ കണ്ട്, ദലിത് വോട്ട് നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ഊര്‍ജിതമാക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. വോട്ട് ഭിന്നിക്കുന്നതിന്‍റെ നേട്ടം സ്വന്തമാക്കുകയാണ് രണ്ട് പാര്‍ട്ടികളുടെയും ലക്ഷ്യം.
ബി.എസ്.പി-ജെ.സി.സി സഖ്യം വോട്ട് പിടിച്ചാല്‍ ക്ഷീണം ബി.ജെ.പിയ്ക്കെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പട്ടിക വിഭാഗ സംവരണ സീറ്റുകളില്‍ നല്ല പ്രകടനം നടത്താനായതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
പട്ടിക വിഭാഗ പീഡന നിരോധന നിയമത്തില്‍ സുപ്രീം കോടതി വരുത്തിയ തിരുത്ത് പട്ടിക വിഭാഗക്കാരെ അതൃപ്തരാക്കി. കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്നാക്കക്കാര്‍ക്കും എതിര്‍പ്പുണ്ട്. ഇത് രണ്ടും ജനവിധിയെ സ്വാധീനിക്കുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.