രാകേഷ് അസ്താനക്കെതിരെ കൂടുതല്‍ തെളിവുകളുമായി സി.ബി.ഐ
കൈക്കൂലി വാങ്ങിയതായി പറയപ്പെടുന്ന ദിവസം ലണ്ടനിലായിരുന്നുവെന്ന അസ്താനയുടെ വാദം കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ രേഖകള്‍
സി.ബി.ഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയതായി പറയപ്പെടുന്ന ദിവസം ലണ്ടനിലായിരുന്നുവെന്ന അസ്താനയുടെ വാദം കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ രേഖകള്‍. അന്നേ ദിവസം അസ്താന ഡല്‍ഹിയിലുണ്ടായിരുന്നതിനും അസ്താനയും കൈക്കൂലിക്കാരുടെ ഇടനിലക്കാരനും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതിനും തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചു.
2017 ഡിസംബറില്‍ കൈക്കൂലി കൈപ്പറ്റിയതായി ആരോപണമുള്ള ദിവസം താന്‍ ലണ്ടനിലായിരുന്നുവെന്നും മോയിന്‍ ഖുറേഷി കേസില്‍ ഇടനിലക്കാരനായിരുന്ന സൌമേഷ് പ്രസാദിനെ ഒരിക്കലും കണ്ടിട്ടില്ലെന്നുമാണ് അസ്താന സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് നല്‍കിയ മൊഴി. എന്നാല്‍ ഡിസംബര്‍ 15ന് അസ്താന ലണ്ടനില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി.
ഡിസംബര്‍ 16ന് ഡല്‍ഹിയിലെ അസ്താനയുടെ വസതി നില്‍ക്കുന്ന പണ്ടാര റോഡ് പ്രദേശത്താണ് അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. ഇടനിലക്കാരന്‍ സൌമേഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനും ഇതേദിവസം ഇതേസമയം ഇവിടെത്തന്നെയായിരുന്നു. കേസില്‍ ആരോപണ വിധേയനായ റോ ഉദ്യോഗസ്ഥന്‍ സാമന്ത് ഗോയലുമായും ഇതേ ദിവസങ്ങളില്‍ സൌമേഷ് കൂടിക്കാഴ്ച നടത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ തീര്‍ച്ചപ്പെടുത്തുന്നു. പണം കൈമാറിയ ശേഷം ഡിസംബര്‍ 17ന് സൌമേഷ് ദുബൈയിലേക്ക് മടങ്ങിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.