2019ലെ സഖ്യ രൂപീകരണം; കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ ജതാര മണ്ഡലം
2019നു മുന്നോടിയായുള്ള സഖ്യകക്ഷി രൂപീകരണ ശ്രമങ്ങളില്‍ കോണ്‍ഗ്രസിന്‍റെ അഗ്നിപരീക്ഷയാവുകയാണ് മധ്യപ്രദേശിലെ ജതാര മണ്ഡലത്തിലെ മത്സരഫലം. ശരദ് യാദവിന്‍റെ ലോക് താന്ത്രിക് ജനതാദളിന് വിട്ടു കൊടുത്ത ഈ സിറ്റിങ് സീറ്റില്‍ വിമതനായി പത്രിക നല്‍കിയ സ്വന്തം എം.എല്‍.എയെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്.
2013ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ ജതാരയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ദിനേഷ് ആഹിര്‍വാറിനെ ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയോടൊപ്പമായിരുന്നു പിന്നീട് കാണാനുണ്ടായിരുന്നത്. ആഹിര്‍വാറിന് 2014ല്‍ ലോക്‌സഭാ സീറ്റ് നല്‍കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വാക്കു കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള പ്രത്യക്ഷ ബന്ധം ഉപേക്ഷിച്ചുവെങ്കിലും ആഹിര്‍വാറിനു പക്ഷെ ഇത്തവണത്തെ അസംബ്ലിയിലേക്കും ബി.ജെ.പി സീറ്റു കൊടുത്തില്ല. പ്രതിഛായയും ജനപിന്തുണയും നഷ്ടപ്പെട്ട് സ്വതന്ത്രനായി മല്‍സരിക്കുന്ന ആഹിര്‍വാര്‍ സഖ്യത്തിന് ഭീഷണിയാവില്ലെന്ന പ്രതീക്ഷയാണ് ലോക് താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ഥി ഡോ: വിക്രം ചൗധരി
"അദ്ദേഹം ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞങ്ങളോടൊപ്പം ചേരുമെന്നാണ് എന്റെ പ്രതീക്ഷ. സാഹചര്യത്തിന്റെ ഗൗരവം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് സ്വന്തം നിലയില്‍ മനസ്സിലാക്കാന്‍ കഴിവുള്ളയാളാണ് അദ്ദേഹം," ചൌധരി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് മഹാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന വിമത സ്ഥാനാര്‍ഥി കെ.കെ ബന്‍സലും ബി.ജെ.പിയുടെ തന്നെ വിമത സ്ഥാനാര്‍ഥിയും മണ്ഡലത്തില്‍ ലോക് താന്ത്രിക് ജനതാദളിന്‍റെ ഉറക്കം കെടുത്തുന്നുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ സാമുദായിക വോട്ടുകള്‍ ചോര്‍ത്തുന്നുണ്ടെങ്കിലും ബന്‍സല്‍ കോണ്‍ഗ്രസ് വോട്ടുബാങ്കിലേക്കും കടന്നു കയറുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
"കോണ്‍ഗ്രസിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചെങ്കിലും എനിക്ക് സീറ്റ് ലഭിച്ചില്ല. ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥിതിക്ക് ഞാന്‍ അവരുടെ ആശീര്‍വാദത്തോടു കൂടി മല്‍സരിക്കുകയാണ്," ബന്‍സാല്‍ പറയുന്നു.