2014 ന് ശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000ത്തിലധികം ഇന്ത്യക്കാര്‍
പഞ്ചാബിൽ നിന്നുള്ള ഇന്ത്യക്കാരുടെ സംഘടനയായ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എന്ന സംഘടനക്കാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വിവരങ്ങൾ കൈമാറിയത്.
2014 നുശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ത്തിലധികം ഇന്ത്യക്കാരെന്ന് കണക്കുകള്‍. ഇതില്‍ കൂടുതലും പുരുഷന്മാരാണ്.
ഈ വര്‍ഷം ജൂലൈ വരെ മാത്രം 7,214 ഇന്ത്യക്കാര്‍ അമേരിക്കയുടെ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 296 പേര്‍ സ്ത്രീകളാണ്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പായ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പഞ്ചാബിൽ നിന്നുള്ള ഇന്ത്യക്കാരുടെ സംഘടനയായ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എന്ന സംഘടനക്കാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വിവരങ്ങൾ കൈമാറിയത്. കാലിഫോർണിയ കേന്ദ്രീകരിച്ചാണ് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷന്റെ പ്രവര്‍ത്തനം. പഞ്ചാബില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
എന്‍.എ.പി.എ യ്ക്ക് ലഭിച്ച കണക്കുപ്രകാരം 2014ൽ 2306 പേരും 2015ൽ 96 സ്ത്രീകൾ ഉൾപ്പെടെ 2971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം തേടി അപേക്ഷ നൽകിയത്. 2016 ആയപ്പോഴും 123 സ്ത്രീകളുൾപ്പെടെ 4088 പേരും 2017ൽ 187 സ്ത്രീകളുൾപ്പെടെ 3656 ആളുകളും അപേക്ഷ നല്‍കി.
2017 ല്‍ ഇക്കാര്യത്തില്‍ നേരിയ കുറവ് വന്നെങ്കിലും അപേക്ഷ നല്‍കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഈ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈ വരെ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കിയ ഇന്ത്യക്കാരുടെ എണ്ണം 20235 ആണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും എന്‍.എ.പി.എ അധ്യക്ഷന്‍ സത്‌നാം സിങ് ചാചല്‍ പറയുന്നു.
സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളിൽപെട്ട് അന്വേഷണം നേരിടുന്നവർക്ക് അഭയം നൽകാൻ യു.എസില്‍ വ്യവസ്ഥയില്ലെങ്കിലും, കലാപം, മതവിദ്വേഷം, ദേശീയത, രാഷ്ട്രീയ അഭിപ്രായത്തിലുള്ള ഭിന്നത, സാമൂഹിക സംഘടനകളിൽ അംഗമാകുക തുടങ്ങിയ പ്രശ്നങ്ങളില്‍പ്പെട്ട് സ്വന്തം രാജ്യത്ത് വേട്ടയാടപ്പെടുന്നവർക്ക് അഭയം നൽകാൻ യു.എസിൽ നിയമമുണ്ട്.