തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം

വോട്ട് രേഖപ്പെടുത്താൻ സൈക്കിളിലെത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം

Update: 2021-04-06 11:15 GMT

തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

Advertising
Advertising

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

Tags:    

Similar News