5 വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്ക് വാക്സിനേഷന് മുൻഗണ നൽകി ആന്ധ്രാപ്രദേശ്
45 വയസിനു മുകളിൽ പ്രായമുള്ളവർക്കൊപ്പമാകും ഇവർക്ക് കുത്തിവെപ്പ് നടത്തുക
കോവിഡ് വാക്സിനേഷൻ മുൻഗനണനാ വിഭാഗത്തിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരേയും ഉൾപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. അത്തരത്തിൽ 20 ലക്ഷത്തോളം അമ്മമാരാണ് സംസ്ഥാനത്തുള്ളത്. 45 വയസിനു മുകളിൽ പ്രായമുള്ളവർക്കൊപ്പമാകും ഇവർക്ക് കുത്തിവെപ്പ് നടത്തുക.
കോവിഡ് ബാധിച്ച കുട്ടികൾക്കൊപ്പം അവരുടെ അമ്മമാരും ആശുപത്രികളിൽ കഴിയണമെന്ന് കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡി പറഞ്ഞു.
മൂന്നാം തരംഗത്തിനെതിരെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തിൽ കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐ.സി.യു, പീഡിയാട്രിക് കിടക്കകൾ, വെൻറിലേറ്ററുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ, മാസ്കുകൾ, കുട്ടികളെ ചികിത്സിക്കാനുള്ള മറ്റ് സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് കൂടുതൽ പരിഗണന നൽകാനും തീരുമാനിച്ചു.
എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ സ്ഥാപിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം കുട്ടികളെ ചികിത്സിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യാനുസരണം ശിശുരോഗവിദഗ്ധരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.