'യാചിച്ചോ മോഷ്ടിച്ചോ ഓക്‌സിജൻ എത്തിക്കൂ, കേന്ദ്രം ഉണരാത്തത് എന്ത്?' രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി
'ഞങ്ങളുടെ ആശങ്ക ഡൽഹിയെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ ഉടനീളം ഓക്‌സിൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ ചെയ്ത നടപടികളെ കുറിച്ച് ഞങ്ങൾക്കറിയണം'
ന്യൂഡൽഹി: ആശുപത്രികളിൽ ഓക്‌സിൻ വിതരണം തടസ്സപ്പെടുന്നതിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ, ഏതുവിധേനയും ഓക്‌സിജൻ എത്തിക്കണമെന്നും ആയിരങ്ങൾ മരിച്ചുവീഴുകയാണ് എന്നും കോടതി പറഞ്ഞു.
'എന്തു കൊണ്ടാണ് സർക്കാർ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാത്തത്. ആശുപത്രികളിൽ ഓക്‌സിജനില്ലെന്ന വാർത്തകളിൽ ഞങ്ങൾ നിരാശരാണ്. സ്തബ്ധരാണ്. എന്നാൽ സ്റ്റീൽ പ്ലാന്റുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു' - കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിപിൻ സൻഘി, രേഖ പല്ലി എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിമർശങ്ങൾ. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
രാജ്യതലസ്ഥാനത്തെ കുറിച്ച് മാത്രമല്ല, രാജ്യത്തെ കുറിച്ച് മുഴുവനാണ് സംസാരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 'ഞങ്ങളുടെ ആശങ്ക ഡൽഹിയെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ ഉടനീളം ഓക്‌സിൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ ചെയ്ത നടപടികളെ കുറിച്ച് ഞങ്ങൾക്കറിയണം' - ബഞ്ച് ആവശ്യപ്പെട്ടു.
ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആവശ്യമായ ഓക്‌സിജൻ എത്തിക്കാൻ കേന്ദ്രത്തിനായില്ലെന്ന് കോടതി തുറന്നടിച്ചു. 'ഓക്‌സിജൻ വിതരണത്തിന് വേണ്ടി എല്ലാ സാധ്യതകളും നിങ്ങൾ പരിശോധിച്ചില്ല. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ ഓക്‌സിജൻ എത്തിക്കൂ. രാജ്യത്ത് ആയിരങ്ങൾ മരിക്കുന്നത് നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണോ. ജനങ്ങളുടെ ജീവന് വിലയില്ലേ' - കോടതി ചോദിച്ചു.
ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാക്‌സ് ഹെൽത്ത് കെയർ എന്ന സ്ഥാപനമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ച രാവിലത്തേക്ക് മാറ്റണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തോട് കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. 'ഇന്ന് രാത്രി ഡൽഹിയിലെ ആശുപത്രികളിൽ ഒന്നും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ ഞങ്ങൾക്ക് ഹർജി മാറ്റിവയ്ക്കാം' എന്നാണ് കോടതി പ്രതികരിച്ചത്.
ഇക്കാര്യത്തിൽ ഉറപ്പു നൽകേണ്ടത് ജിഎൻസിടിഡി കൗൺസൽ രാഹുൽ മെഹ്‌റയാണ് എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. എന്നാൽ ഉത്തരവാദിത്വം ഏൽക്കാൻ മാത്രം വലിയ ചുമലുകളല്ല അതെന്നായിരുന്നു കോടതിയുടെ മറുപടി. ഇത് ജീവനുകളുടെ പ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.