എംപിയായി തുടരുക, എംഎല്‍എ സ്ഥാനം രാജിവെക്കുക: ബംഗാളിലെ എംഎല്‍എമാരോട് ബിജെപി

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് ഭയന്നാണ് തീരുമാനം

Update: 2021-05-12 03:56 GMT
By : Web Desk
Advertising

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയായ രണ്ട് എംപിമാരോട് രാജിവെച്ച് എംപിസ്ഥാനത്ത് തന്നെ തുടരണമെന്ന് ബിജെപി. എംപിമാരായ നിസിത് പ്രമാണിക്, ജഗന്നത് സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം.

കൂച്ച് ബിഹാര്‍ എംപിയായ നിസിത് പ്രമാണികും റാണാഘട്ട് എംപിയായ ജഗന്നത് സര്‍ക്കാരും ദിന്‍ഹതയില്‍ നിന്നും ശന്തിപുരില്‍ നിന്നും ആണ് ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ജഗന്നത് 15878 വോട്ടിനാണ് ജയിച്ചത്. എന്നാല്‍ നിസിത് ആകട്ടെ വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും.

ഇരുവരോടും എംഎല്‍എ സ്ഥാനം രാജിവെക്കാനാണ് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ആഴ്ച ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഇരുവരും ചെയ്തിരുന്നില്ല. പാര്‍ട്ടി തീരുമാനം വരാന്‍ കാത്തുനില്‍ക്കാനായിരുന്നു രണ്ടുപേര്‍ക്കും കിട്ടിയ നിര്‍ദേശം.

നിലവില്‍ 294 അംഗ നിയമസഭയില്‍ 77 എംഎല്‍എമാരാണ് ബിജെപിക്ക് സംസ്ഥാനത്തുള്ളത്. അതില്‍ രണ്ടുപേര്‍ രാജിവെച്ചാല്‍ അംഗബലം 75 ആയി കുറയും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് ഭയന്നാണ് എം.പിമാരോട് എം.എല്‍.എ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി പറഞ്ഞതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതിലും പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുക രണ്ട് എംപി സ്ഥാനം നഷ്ടപ്പെടുന്നതാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Tags:    

By - Web Desk

contributor

Similar News