മമതയ്ക്ക് മാനസികരോഗമുണ്ടെന്ന് ആര്‍ക്കാണ് മനസിലാകാത്തത്? വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ദിലീപ് ഘോഷ്
24 മണിക്കൂര്‍ നേരത്തെ പ്രചാരണ വിലക്കിൽ കഴിയുമ്പോഴാണ് ദിലീപ് ഘോഷിന്‍റെ ന്യായീകരണം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിക്ക് മാനസികരോഗമുണ്ടെന്ന വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. മമതയുടെ സംഭാഷണം കേട്ടാൽ മാനസിക രോഗമുണ്ടെന്ന് ആ൪ക്കാണ് മനസിലാക്കാത്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു. മീഡിയവണിനു നല്‍കിയ പ്രതികരണത്തിലാണ് ദിലീപ് ഘോഷ് തന്‍റെ പ്രസ്താവനയെ ന്യായീകരിച്ചത്.
വികലാംഗയായ വ്യക്തിയാണ് മമത, മമതയ്ക്ക് മാനസിക രോഗമാണ് എന്നിങ്ങനെ ദിലീപ് ഘോഷിന്‍റെ അപകീ൪ത്തിപരമായ പരാമ൪ശങ്ങളാണ് വിവാദമായത്. പരാമ൪ശത്തിനെതിരെ ടി.എം.സി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. ഇത് അംഗവൈകല്യമുള്ളവരെ എങ്ങനെയാണ് ബി.ജെ.പി കാണുന്നതെന്നതിന്‍റെ കൂടി തെളിവാണെന്നും ടി.എം.സി പ്രതികരിച്ചിരുന്നു. അതിനിടെയാണ് വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ദിലീപ് ഘോഷ് രംഗത്തെത്തിയിരിക്കുന്നത്.
പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ദിലീപ് ഘോഷിനെ 24 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയെ ദിലീപ് ഘോഷ് ന്യായീകരിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറുമെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു. ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് മേൽക്കയ്യുള്ള 20 മണ്ഡലങ്ങളടങ്ങുന്ന 45 ഇടത്താണ് ഇന്ന് വോട്ടെടുപ്പ്.