''1996ലെ വി എസിനെ മാതൃകയാക്കണമായിരുന്നു മമത'': സുവേന്ദു അധികാരി

ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടും താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും സുവേന്ദു മറുപടി പറഞ്ഞു

Update: 2021-05-23 11:44 GMT
Editor : ubaid | Byline : Web Desk
Advertising

ധാർമികതയെ മുൻനിർത്തി മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി. അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടാകാം, പക്ഷെ അവരെ നന്ദിഗ്രാമിലെ ജനങ്ങൾ തിരസ്കരിച്ചു. 1996-ൽ കേരളത്തിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ പരാജയപ്പെടുകയുണ്ടായി. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല. ആ മാതൃക മമതയും പിന്തുടരണമായിരുന്നെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബി.ജെ.പിക്ക് ബംഗാളിൽ വിജയിക്കാൻ കഴിയാഞ്ഞതിന്റെ കാരണമായി സുവേന്ദുവിന്റെ മറുപടി ഇങ്ങനെ "ഞാൻ ഡൽഹിയിലേക്ക് പോയി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിക്കും. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രായോഗിക അനുഭവങ്ങൾ പാർട്ടി സംവിധാനത്തിനകത്ത് പങ്കുവെയ്ക്കും. അത് മാധ്യമങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടും താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് '' ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറല്ല. ജുഡീഷ്യൽ പരിഗണനയിലുള്ള വിഷയമാണത്. ഈ നടപടി ഉണ്ടായ സമയത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്താണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു ഈ നടപടി ഉണ്ടായതെങ്കിൽ അത് ഒരു പാർട്ടിയുടെ താത്പര്യത്തിന് അനുകൂലമായി സ്വീകരിച്ചതാണെന്ന് ആരോപിക്കാമായിരുന്നു. നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുന്നു എന്ന് മാത്രമേയുള്ളൂ'' എന്നായിരുന്നു സുവേന്ദുവിന്റെ മറുപടി.


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News