'കണ്‍മുന്നില്‍ ആളുകള്‍ മരിച്ചുവീണു, മരിച്ചവരില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ തട്ടിപ്പറിച്ചു'..
ഇന്നലെയുണ്ടായ ദാരുണ സംഭവത്തെ കുറിച്ച് 23കാരന്‍..
'നമ്മുടെ കൺമുന്നില്‍ ആളുകള്‍ മരിച്ചുവീഴുന്നു. മരിച്ച രോഗികളുടെ സമീപത്തുനിന്ന് മറ്റുള്ളവര്‍ ഓക്സിജൻ സിലിണ്ടർ തട്ടിപ്പറിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഞാനും അത്തരത്തിൽ ശ്രമിച്ചിരുന്നു. പക്ഷേ ഒരു ഫലവുമുണ്ടായില്ല' - 23കാരനായ വിക്കി ജാദവ് പറഞ്ഞതാണിത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ടാങ്കർ ചോർന്നതോടെ 24 കോവിഡ് രോഗികൾ മരിക്കാനിടയായ ദാരുണ സംഭവത്തിന് പിന്നാലെയാണ് മറ്റ് രോഗികള്‍ ജീവശ്വാസത്തിനായി പിടിവലി നടത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നാസികിലെ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയായ സാക്കിര്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് സംഭവം. മുത്തശ്ശിക്ക് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ സിലിണ്ടര്‍ സംഘടിപ്പിച്ചതെന്നും പക്ഷേ ജീവന്‍ രക്ഷിക്കാനായില്ലെന്നും വിക്കി പറഞ്ഞു- "ഇന്നലെ രാവിലെ 10 മണിയോടെയാണ് ഞാന്‍ മുത്തശ്ശിയെ കാണാന്‍ എത്തിയത്. മുത്തശ്ശിയുടെ ഓക്സിജന്റെ അളവ് 38ലേക്ക് താഴ്ന്നിരുന്നു. അപ്പോൾ തന്നെ ഓക്സിജൻ ലഭിക്കുന്നില്ലെന്ന് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിലെ മൂന്നാംനിലയിൽ പരിഭ്രാന്തി വ്യാപിച്ചു. അത്യാസന്ന നിലയിലായ രോഗികൾക്കായി ജീവനക്കാർ പുതിയ സിലിണ്ടറുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ജീവവായു കിട്ടാതെ അത്യാസന്ന നിലയിലായ രോഗികള്‍ മരിച്ചുവീണു. പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനായി മരിച്ചവരുടെ സമീപത്തുനിന്ന് ഓക്സിജന്‍ സിലിണ്ടുകള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചു".
ചിലര്‍ വാഹനങ്ങളില്‍ മറ്റ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റാന്‍ ശ്രമിച്ചു. എന്നാൽ ഒരേ വാർഡിൽ സഹോദരനും മാതാവിനുമൊപ്പമുണ്ടായിരുന്ന നിതിൻ വേലുക്കറിനെപ്പോലുള്ളവർക്ക് അതിന് കഴിഞ്ഞില്ല- "കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ ഒരു ദിവസത്തിന് ശേഷവും സഹോദരൻ നാല് ദിവസത്തിന് ശേഷവും ആശുപത്രി വിടാൻ ഇരിക്കുകയായിരുന്നു. രാവിലെ ഭക്ഷണവുമായെത്തുമ്പോൾ സഹോദരന്‍ ആരോഗ്യവാനായിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം എല്ലാം തകിടം മറിഞ്ഞു. അവൻ ഓക്സിജന്‍ കിട്ടാതെ എന്‍റെ കൺമുന്നിൽ മരിച്ചുവീണു. അവന്‍ സഹായത്തിനായി കരഞ്ഞെങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല" - നിതിൻ വേലുക്കർ പറഞ്ഞു.
രോഗികളുടെ ജീവൻ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സമീപത്തെ ആശുപത്രികളില്‍ നിന്ന് ഉള്‍പ്പെടെ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ പരമാവധി ശ്രമിച്ചു. നൂറോളം പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.