നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള എൻ.ഒ.സി ചട്ടങ്ങളിൽ ഇളവ്
2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോകാനുള്ള എൻ. ഒ.സി ചട്ടങ്ങളിൽ വിദേശകാര്യ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ബുദ്ധിമുട്ട് വന്നതോടെ നിരവധി പേർ നേപ്പാൾ വഴി ഗൾഫിലേക്ക് പോകാൻ നേപ്പാളിൽ നിന്നുള്ള വിമാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്.
നിലവിൽ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോകാനുള്ള എൻ.ഒ.സി ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ടും, ഇമിഗ്രേഷൻ ക്ലിയറൻസുമായി വിമാന മാർഗം എത്തുന്ന ഇന്ത്യക്കാർക്കാണ് എൻ.ഒ.സി ഒഴിവാക്കിയത്.
2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.അതേസമയം പാസ്‌പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.