ഗർഭിണിയാണ്, കോവിഡാണ്, കനത്ത വെയിലാണ്; പക്ഷെ, ഡ്യൂട്ടിയിൽ 'നോ കോംപ്രമൈസ് '
പൂർണ ഗർഭിണിയായിട്ടും നടുറോട്ടിൽ ക്രമസമാധാനപാലനത്തിൽ സജീവമാകുന്ന പോലീസുകാരിയുടെ ചിത്രത്തിന് കൈയടിച്ച് സമൂഹമാധ്യമങ്ങൾ
ജോലിയോട് 'കട്ട' ആത്മാർത്ഥത എന്നൊക്കെ പറയാറുണ്ട്. എന്നാൽ, ഇങ്ങനെയുമുണ്ടോ ഒരു ആത്മാർത്ഥത! പൂർണ ഗർഭിണിയായിട്ടും നടുറോട്ടിൽ വെയിലുകൊണ്ട് ട്രാഫിക് നിയന്ത്രിക്കുകയാണ് ചത്തീസ്ഗഢിൽ ഒരു പോലീസ് ഉദ്യോഗസ്ഥ!
മാവോയിസ്റ്റ് പ്രശ്‌നബാധിത പ്രദേശമായ ബസ്തറിലെ ദന്ദേവാഡയിൽ ഡി.എസ്.പിയായ ശിൽപ സാഹുവാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. സാധാരണ വേഷത്തിൽ മാസ്‌ക് ധരിച്ച് ലാത്തി പിടിച്ച് യാത്രികരെ ബോധവൽക്കരിക്കുന്ന ശിൽപയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഗർഭിണിയായ അവർ ജനങ്ങളെ രാജ്യത്തെ ഗുരുതര സ്ഥിതിയെക്കുറിച്ച് ബോധവൽക്കരിച്ചും കോവിഡ് നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടും തെരുവിൽ നിറഞ്ഞുനിൽക്കുന്നത്.
ഗർഭിണിയായിട്ടും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോഴും ഔദ്യോഗികകൃത്യങ്ങൾ മുടക്കമില്ലാതെ നിർവഹിക്കാൻ കാണിക്കുന്ന ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. യഥാർത്ഥ ഹീറോ എന്നാണ് പലരും ശിൽപയെ വിശേഷിപ്പിക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥയുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുമ്പോഴും സ്വന്തം ആരോഗ്യകാര്യം കൂടി സൂക്ഷിക്കണമേയെന്നും ചിലർ ഉപദേശിക്കുന്നു. ഇത്തരം ഘട്ടത്തിൽ ഇങ്ങനെ പുറത്തിറങ്ങി ജോലിചെയ്യുന്നത് അവർക്കും കുട്ടിക്കും നല്ലതല്ലെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
'ദന്തേവാഡ ഡി.എസ്.പി ശിൽപ സാഹുവിന്റേതാണ് ഈ ചിത്രം. ഗർഭിണിയായിരിക്കെയും കനത്ത വെയിലിലും തന്റെ ടീമിനൊപ്പം തെരുവിൽ ജനങ്ങളോട് ലോക്ഡൗൺ നിയമങ്ങൾ പാലിക്കാൻ നിർദേശിക്കുകയാണ് ശിൽപ'-ചിത്രം ട്വിറ്റിൽ പങ്കുവച്ച് അഡീഷനൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ദിപാൻഷു കബ്ര കുറിച്ചു. നിരവധി ഉദ്യോഗസ്ഥരും പ്രമുഖരും ട്വിറ്ററിലും മറ്റും ഈ വൈറൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.