രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് 30 ദിവസത്തെ പരോള്‍
പേരറിവാളന്‍റെ അമ്മ അര്‍പുത അമ്മാളിന്‍റെ അപേക്ഷ പരിഗണിച്ചാണ് പരോള്‍.
രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് പരോള്‍. 30 ദിവസത്തെ പരോളാണ് തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുവദിച്ചത്. പേരറിവാളന്‍റെ അമ്മ അര്‍പുത അമ്മാളിന്‍റെ അപേക്ഷ പരിഗണിച്ചാണ് പരോള്‍.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പേരറിവാളന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണമെന്നായിരുന്നു അര്‍പുത അമ്മാളിന്‍റെ അപേക്ഷ. ആ അപേക്ഷ പരിഗണിച്ച് തമിഴ്‍നാട് ജയില്‍ മാന്വല്‍വ്യവസ്ഥ പ്രകാരമാണ് 30ദിവസത്തെ സാധാരണ അവധി അനുദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടത്. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് പേരറിവാളന്‍.
രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്.