നിറയെ കോടതി നോട്ടീസുകളും ജപ്തി ഭീഷണികളും; മുംബൈയിലെ ചോക്‌സിയുടെ വസതിക്കു മുന്‍പിലെ ഇപ്പോഴത്തെ കാഴ്ച ഇതാണ്

2018 മുതല്‍ വിവിധ കേസുകളിലായി ബാങ്കുകള്‍, കോടതികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് അടക്കം പതിച്ച നൂറുകണക്കിനു നോട്ടീസുകളാണ് വസതിയുടെ കവാടത്തില്‍ നിറയെയുള്ളത്

Update: 2021-05-29 17:31 GMT
Editor : Shaheer | By : Web Desk

പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പില്‍ പിടികിട്ടാപുള്ളിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിനെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ചോക്‌സി കരീബിയന്‍ ദ്വീപരാജ്യമായ ഡൊമിനിക്കയില്‍വച്ച് പിടിയിലായത്. ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. അതേസമയം, ചോക്സിയുടെ മുംബൈയിലെ വസതി കോടതിയില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നുമുള്ള നോട്ടീസുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചോക്‌സിയുടെ വസതിക്കു മുന്നില്‍നിന്നുള്ള ചിത്രം പുറത്തുവിട്ടത്. വിവിധ കേസുകളിലായി ബാങ്കുകള്‍, കോടതികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് അടക്കം പതിച്ച നൂറുകണക്കിനു നോട്ടീസുകളാണ് വസതിയുടെ കവാടത്തില്‍ നിറയെയുള്ളത്. 2018 മുതലുള്ള വിവിധ ഉത്തരവുകളും മുന്നറിയിപ്പ് നോട്ടീസുകളുമാണ് ഇവിടെയുള്ളത്.

Advertising
Advertising

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തട്ടിയ കേസില്‍ പ്രതിയായ ചോക്‌സി 2018ലാണ് രാജ്യം വിട്ടത്. തുടര്‍ന്ന് ആന്റിഗ്വയില്‍ പൗരത്വമെടുക്കുകയായിരുന്നു. ആന്റിഗ്വ ഭരണകൂടം ഇദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം നടത്തുന്നതിനിടെയായിരുന്നു ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ചോക്‌സി നിലവില്‍ ഇന്ത്യന്‍ പൗരനല്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. അതിനാല്‍, ഇന്ത്യക്ക് കൈമാറാനാകില്ലെന്നും ആന്റിഗ്വയിലേക്കു മാത്രമേ തിരിച്ചയക്കാനാകൂവെന്നും അഭിഭാഷകന്‍ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News