ജനസംഖ്യ ഏഴു ലക്ഷം മാത്രം; എന്നിട്ടും സിക്കിമില്‍ വാക്സിന്‍ ക്ഷാമം
ആശങ്ക രേഖപ്പെടുത്തി സിക്കിം ഹൈക്കോടതി
രാജ്യത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. കേവലം ഏഴു ലക്ഷം മാത്രമാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനസംഖ്യ. എന്നാൽ, കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മതിയായ വാക്‌സിനില്ലെന്നാണ് ഇപ്പോൾ സംസ്ഥാനത്തുനിന്ന് ഉയരുന്ന പരാതി. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും വാക്സിന്‍ ലഭ്യമില്ലെന്നാണ് വിവരം.
സിക്കിം ഹൈക്കോടതി തന്നെ ഇതിൽ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. നാല് ജില്ലകളാണ് സിക്കിമിലുള്ളത്. ഇതിൽ മൂന്ന് ജില്ലകളിലും വൈറൽ ഗവേഷകകേന്ദ്രമോ ലബോറട്ടറിയോ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലസ്ഥാനമായ ഗാങ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിൽ മാത്രമാണ് സംസ്ഥാനത്തെ ഒരേയൊരു സർക്കാർ അംഗീകൃത ലബോറട്ടറിയുള്ളത്. മറ്റൊരു സ്വകാര്യ ലാബും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതും ഗാങ്‌ടോക്കിലാണുള്ളത്.
സംസ്ഥാനത്ത് വാക്‌സിനേഷൻ പദ്ധതി ആശങ്കയുണർത്തുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ മീനാക്ഷി മദൻ റായ്, ഭാസ്‌കർ രാജ് പ്രധാൻ എന്നിവർ ചൂണ്ടിക്കാട്ടി. വെറും 2,90,000 മാത്രം വരുന്ന 18-44 പ്രായപരിധിയിലുള്ളവർക്ക് നിലവിൽ വാക്‌സിനുകൾ ലഭ്യമല്ലെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ബെഞ്ച് കുറ്റപ്പെടുത്തി. ഇവർക്ക് 5,80,000 വാക്‌സിൻ മാത്രമാണ് ആവശ്യമുള്ളത്. ഇക്കാര്യത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.