പൗരത്വപ്രക്ഷോഭം: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ വിദ്യാർത്ഥി നേതാക്കൾ
ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് തടസം
പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് തടസം. കോടതി നടപടികളില്‍ പതിവില്ലാത്തതാണ് ഈ 'വൈകലെന്നാണ്' അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.
ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതി ചേർത്ത് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളായ നതാഷ നർവാൾ, ദേവംഗന കലിത എന്നിവർക്കാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
ഇവർക്കെതിരെ ആരോപിക്കപ്പെട്ട യു.എ.പി.എ കുറ്റങ്ങളൊന്നും കുറ്റപത്രത്തിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിശയോക്തി കലർത്തി പെരുപ്പിച്ച് വലിച്ചു നീട്ടിയതാണ് ഡൽഹി പൊലീസിന്റെ കുറ്റപത്രമെന്ന് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്ക് മാത്രമേ കാണാനാവൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മൂന്നു പേരുടേയും കുറ്റപത്രങ്ങൾ വെവ്വേറെയാണ് കോടതി പരിഗണിച്ചിരുന്നത്. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യഗ്രതക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഈ മനോഗതി തുടർന്നാൽ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓർമിപ്പിച്ചു.