കോവിഡ് വ്യാപനം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ് അയച്ചു

നാല് കാര്യങ്ങള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍

Update: 2021-04-22 08:20 GMT
Advertising

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഹൈക്കോടതികൾ പരിഗണിക്കുന്ന കോവിഡ് കേസുകൾ സുപ്രീം കോടതിക്ക് കൈമാറണം. പല കോടതികള്‍ പല നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു. ഇത് ഒഴിവാക്കാനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം. കേസ് നാളെ പരിഗണിക്കും.

നാല് കാര്യങ്ങള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കോവിഡ് വാക്സിനേഷന്‍, ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ ആണ് കോടതി സ്വമേധയാ കേസെടുത്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യൂറി ആയി നിയമിച്ചു.

ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി. യാചിച്ചോ കടം വാങ്ങിയോ ഏതുവിധേനയോ ഓക്‌സിജൻ എത്തിക്കണം. ആയിരങ്ങൾ മരിച്ചുവീഴുകയാണ്. എന്തുകൊണ്ടാണ് സർക്കാർ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാത്തത്? ആശുപത്രികളിൽ ഓക്‌സിജനില്ലെന്ന വാർത്തകളിൽ ഞങ്ങൾ നിരാശരാണ്, സ്തബ്ധരാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News