"സഹോദരന് ആശുപത്രിയിൽ കിടക്കവേണം" വിവാദമായതോടെ ട്വീറ്റ് പിൻവലിച്ച് കേന്ദ്ര മന്ത്രി
തന്റെ മണ്ഡലമായ ഗാസിയാബാദിലെ കോവിഡ് ബാധിതനായ വ്യക്തിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് വെട്ടിലായി കേന്ദ്ര മന്ത്രി വി.കെ സിംഗ്. ഇത് രാജ്യത്തിൻറെ മോശം ആരോഗ്യ മേഖലയുടെ നേർചിത്രം വ്യക്തമാക്കുന്നു എന്നാണ് ട്വിറ്ററിൽ വിമർശനമുയർന്നത്.
ഇന്ന് രാവിലെയാണ് ' തന്റെ സഹോദരന്' ആശുപത്രി കിടക്ക ലഭ്യമാക്കാൻ അധികാരികളുടെ സഹായമഭ്യർത്ഥിച്ച് കേന്ദ്ര ഗതാഗത സഹമന്ത്രി വി.കെ സിംഗ് ട്വീറ്റ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റിനെയും അദ്ദേഹം തന്റെ ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. ട്വീറ്റ് വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നു.
ബന്ധുവിന് വേണ്ടിയാണ് കേന്ദ്ര സഹമന്ത്രി സഹായം അഭ്യര്‍ഥിച്ചതെന്ന രീതിയിലാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. മന്ത്രിയുടെ ബന്ധുക്കള്‍ പോലും ബുദ്ധിമുട്ടുന്ന രാജ്യത്തെ ആരോഗ്യ മേഖലയുടെ അവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട്സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനമുയർന്നു .ആ രോഗി തന്റെ നേർ സഹോദരനല്ലെന്നും അദ്ദേഹത്തിന് വൈദ്യ സഹായം ലഭ്യമാക്കാൻ ജില്ലാ അധികാരികളെ സഹായിക്കാനായിരുന്നു തന്റെ ഉദ്ദേശവുമെന്നായിരുന്നു വിശദീകരണ ട്വീറ്റ്. വിവാദമായതോടെ രണ്ട് ട്വീറ്റുകളും നീക്കം ചെയ്ത വി.കെ സിംഗ് ജില്ലാ മജിസ്‌ട്രേറ്റിനു ഫോർവേഡ് ചെയ്ത ട്വീറ്റിന്റെ ഭാഗമായിരുന്നു അതെന്നും വിശദീകരിച്ചു.