വിജയം ഉറപ്പ്, നിലമ്പൂരിൽ കോണ്‍ഗ്രസ്-ബി.ജെ.പി ധാരണയുണ്ടെന്ന് പറയുന്നത് പരാജയഭീതി കൊണ്ടല്ല: പി വി അൻവർ

എല്ലാ വിലയിരുത്തലുകള്‍ക്ക് ശേഷവും 5000 മുതല്‍ 25000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി.വി അന്‍വര്‍

Update: 2021-04-16 04:39 GMT
Advertising

നിലമ്പൂരിൽ കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് പി വി അൻവർ എംഎൽഎ. ബൂത്തുകളിൽ ബിജെപിക്ക് ഏജന്‍റുമാരുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം മുതൽ ഈ ധാരണ താൻ ചൂണ്ടിക്കാട്ടിയതാണെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു.

ബിജെപി - കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നു എന്ന് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമായിയെന്നും ആര്യാടന്‍ ഷൌക്കത്തിന്‍റെ പ്രതികരണം പോലും ഈ ധാരണക്കെതിരായാണ് എന്നും അന്‍വര്‍ പറയുന്നു. പരാജയ ഭീതി കൊണ്ടല്ല ബിജെപി കോണ്‍ഗ്രസ് വോട്ട് ധാരണയെന്നാരോപിക്കുന്നത്. മണ്ഡലത്തിൽ വിജയം ഉറപ്പാണ്. എല്ലാ വിലയിരുത്തലുകള്‍ക്ക് ശേഷവും 5000 മുതല്‍ 25000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി വി അന്‍വര്‍ ആയിരുന്നു ഇത്തവണയും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ടുമറിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പി.വി അന്‍വര്‍ ഫെയ്സ്‍ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് പരാജയഭീതികൊണ്ടാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇതിന് മറുപടിയായാണ് ഇപ്പോള്‍ മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് പി വി അന്‍വര്‍ ആവര്‍ത്തിക്കുന്നത്.

ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി വി.വി പ്രകാശനെ താന്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചിരുന്നു. ആര്‍എസ്എസിന്‍റെയും വര്‍ഗീയശക്തികളുടെയും വോട്ട് തനിക്ക് വേണ്ട എന്ന് പ്രഖ്യാപിക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് തയ്യാറാണെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് താന്‍ ആവശ്യപ്പെട്ടതെന്നും പി വി അന്‍വര്‍ പറയുന്നു. പക്ഷേ, അദ്ദേഹം വന്നില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് ദിവസം ഒറ്റ ബൂത്തിലും ബിജെപി ഏജന്‍റുണ്ടായില്ല. പച്ചയായി വോട്ട് കച്ചവടം ചെയ്തു എന്ന് തന്നെയാണ് അതില്‍ നിന്ന് മനസ്സിലാകുന്നത്. ആദ്യം മുതലേ ഇടതുമുന്നണി എന്താണോ പറഞ്ഞുകൊണ്ടിരിക്കുന്നത്, തെരഞ്ഞെടുപ്പിന് അത് നടന്നു എന്നാണ് വ്യക്തമായിരിക്കുന്നത്. ആര്യാടന്‍ ഷൌക്കത്തിനെപോലുള്ള ആളുകള്‍ ഇത് കൃത്യമായി സൂചിപ്പിച്ചുകൊണ്ട് പോസ്റ്റിട്ടു. അപ്പോഴാണ് മറുപടി എന്ന നിലയില്‍ താനൊരു പോസ്റ്റിട്ടത് എന്നും പി വി അന്‍വര്‍ പറയുന്നു.  


Full View


Tags:    

Similar News