പ്രവാസിയെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
പ്രവാസികളായ ദമ്പതിമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
കൊല്ലം ചവറയിൽ പ്രവാസിയെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് സസ്പെൻഡ് ചെയ്തത്. സി.പി.എം കൊല്ലം ജില്ലാ അബൈലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ബിജുവിന്റെ നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഉത്തരവാദിത്തപ്പെട്ട പാർട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തി.
കൊല്ലം ചവറയിൽ രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നൽകാത്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ബിജു ഭീഷണിപ്പെടുത്തിയെന്ന് പ്രവാസികളായ ദമ്പതിമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ചവറ മുഖംമൂടിമുക്കിൽ നിർമിച്ച കൺവൻഷൻ സെൻററിൽ കൊടി കുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്. സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
അമേരിക്കയിൽ താമസിക്കുന്ന കോവൂർ സ്വദേശികളായ ഷഹി, ഭാര്യ ഷൈനി എന്നിവരാണ് പരാതി നൽകിയിരുന്നത്.
പ്രവാസി കുടുംബം ചവറ മുഖംമൂടിമുക്കിൽ നിർമിച്ച കൺവൻഷൻ സെൻററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്. കൃഷി ഓഫീസർക്കെതിരെയും പരാതി നൽകിയിരുന്നു. ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻ നിയമാനുസൃതം അപേക്ഷിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി നൽകിയത്.