'പന്ത് തന്നെയാണ് ഒന്നാം നമ്പർ കീപ്പർ, എന്റെ അവസരം വരുന്നത് വരെ കാത്തിരിക്കും' വൃദ്ധിമന്‍ സാഹ

ധോണി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ആറ് വർഷത്തിന് മുകളിൽ ആയെങ്കിലും അതിന് ശേഷം ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ കണ്ടെത്താൻ ഇന്ത്യക്ക് ആയിട്ടില്ല.

Update: 2021-05-22 04:03 GMT
Advertising

ധോണി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ആറ് വർഷത്തിന് മുകളിൽ ആയെങ്കിലും അതിന് ശേഷം ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ കണ്ടെത്താൻ ഇന്ത്യക്ക് ആയിട്ടില്ല. ദിനേഷ് കാർത്തിക്, കെ എൽ രാഹുൽ, ഋഷഭ് പന്ത്‌, വൃദ്ധിമന്‍ സാഹ തുടങ്ങി പല പേരുകളും മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും സ്ഥിരം പൊസിഷനിൽ സ്ഥാനം ഉറപ്പിക്കാൻ ഈ പേരുകാർക്കൊന്നും സാധിച്ചിട്ടില്ല.

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് പോകുമ്പോഴും ഇതേ ചോദ്യമാണ് ഉയരുന്നത്. ഋഷഭ് പന്തും വൃദ്ധിമന്‍ സാഹയുമാണ് സ്ക്വാഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവരിൽ ആരായാരിക്കും ആദ്യ ഇലവനിൽ ഉണ്ടായിരിക്കുക എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വൃദ്ധിമന്‍ സാഹ.

ഋഷഭ് പന്തായിരിക്കും ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറെന്നാണ് വൃദ്ധിമന്‍ സാഹയുടെ അഭിപ്രായം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പന്ത് ആ പ്രകടനം തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ഇംഗ്ലണ്ടില്‍ താരത്തിനാണ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയെന്നും സാഹ കൂട്ടിച്ചേർത്തു. ഒരു കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പിങ്ങിൽ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിച്ചിരുന്ന താരമാണ് സാഹ. താന്‍ തന്റെ അവസരങ്ങള്‍ക്കായി കാത്തിരിക്കുമെന്നും എന്തെങ്കിലും അവസരം ലഭിച്ചാല്‍ അത് പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.

'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കുറച്ച് മത്സരങ്ങൾ കളിക്കാൻ ഋഷഭ് പന്തിന് അവസരം കിട്ടിയിട്ടുണ്ട്, അതിലെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമ്പോൾ കീപ്പറായി ആദ്യം പരിഗണിക്കേണ്ടത് പന്തിനെ തന്നെയാണ്. എന്റെ അവസരത്തിനായി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, അവസരം വരുമ്പോൾ എന്റെ പരമാവധി കഴിവും പുറത്തെടുക്കാൻ ശ്രമിക്കും. ആ ഒരവസരത്തിനായി ഞാൻ കഠിനമായ പരിശീലനം തുടരും സാഹ പറഞ്ഞു'. സാഹ സ്പോർട്സ്കീഡയോട് പറഞ്ഞു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News