ഉടൻ റിപ്പോർട്ട് നൽകണം; ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ചതിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

എത്രയും പെട്ടെന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി.

Update: 2023-06-29 15:32 GMT
Editor : Sikesh | By : Web Desk
Advertising

പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. എത്രയും പെട്ടെന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി. വിവാഹശേഷം വധു-വരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു സോഷ്യൽമീഡിയയിലും പുറത്തും ഏറെ വിവാദമായ ഈ സംഭവം അരങ്ങേറുന്നത്.

പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിയായ നവവധു സജ്ലയുടെയും തല തമ്മിൽ പിന്നിൽ നിന്ന അയൽവാസി കൂട്ടിമുട്ടിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ ഈ കൂട്ടിയിടിയിൽ വേദന കൊണ്ട് കരഞ്ഞാണ് സജ്‌ല സച്ചിന്റെ വീട്ടിലേക്ക് കയറിയതും.

വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകൾ തമ്മിൽ കൂട്ടിയിടിപ്പിക്കണമെന്നും അങ്ങനെ വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് പ്രവേശിക്കണമെന്നുളള ആചാരത്തെ തുടർന്നാണ് ഈ സംഭവമെന്നായിരുന്നു ഇതിനെ അനുകൂലിച്ചവർ പറഞ്ഞതും. എന്നാൽ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.

'പെൺകുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭർത്താവിന്റെ വീട്ടിൽ കയറാൻ പാടുള്ളുവത്രേ', 'എന്തൊരു പ്രാകൃതമായ ചടങ്ങാണിത്', 'മേല് നോവുന്ന ഒന്നും ആചാരമല്ല, അതിനെ പ്രോത്സാഹിപ്പിക്കരുത്' തുടങ്ങി നിരവധി വിമർശനങ്ങളാണ് സംഭവത്തിനെതിരെ ഉയർന്നത്. അതേസമയം, മുമ്പും ഇതുപോലുള്ള ആചാരങ്ങൾ നടന്നിട്ടുണ്ടെന്നും, സംഭവത്തിന് പിന്നാലെ വധു തലകറങ്ങി വീണിരുന്നുവെന്നും നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ തന്റെ നാട്ടിൽ ഇത്തരമൊരു ആചാരം കണ്ടിട്ടില്ല എന്നായിരുന്നു സംഭവത്തിന് ശേഷം വരനായ സച്ചിൻ പറഞ്ഞത്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News