'ഞാൻ ഇഷ്ടമുള്ളത് ഉടുക്കും; വിമർശനങ്ങള്‍ പുരുഷാധിപത്യത്തിന്‍റെ ഭാഗം'-ഫലസ്തീൻ ബാഗിൽ പ്രിയങ്ക
ഭീകരമായ വംശഹത്യയാണ് ഗസ്സയില്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് നേരത്തെ പ്രിയങ്ക വിമര്‍ശിച്ചിരുന്നു
ന്യൂഡൽഹി: പാർലമെന്റിൽ ഫലസ്തീൻ ബാഗ് ധരിച്ച് എത്തിയതിനെതിരെയുള്ള ബിജെപി വിമർശനങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾ എന്ത് ഉടുക്കണമെന്നു തങ്ങൾ തീരുമാനിക്കുമെന്നു പറയുന്നത് വെറും പുരുഷാധിപത്യമാണെന്ന് പ്രിയങ്ക വിമർശിച്ചു. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ഉടുക്കും. ഫലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് എപ്പോഴും പറഞ്ഞിട്ടുള്ളതാണെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. 'ഞാൻ എന്ത് ഉടുക്കണമെന്ന് തീരുമാനിക്കാൻ ആരാണ് നോക്കുന്നത്? അതു തീരുമാനിക്കാൻ അവർ ആരാണ്? സ്ത്രീകൾ ധരിക്കുന്നത് തങ്ങൾ തീരുമാനിക്കുമെന്നു പറയുന്നത് വെറും പുരുഷാധിപത്യമാണ്. അത് ഞാൻ സ്വീകരിക്കുന്നില്ല. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഉടുക്കും.'-പ്രിയങ്ക വ്യക്തമാക്കി.
ഇക്കാര്യത്തിൽ തന്റെ വിശ്വാസങ്ങൾ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും ഫലസ്തീൻ ബാഗ് ഉയർത്തിക്കാട്ടി അവർ പറഞ്ഞു. എന്റെ ട്വിറ്റർ ഹാൻഡിൽ നോക്കിയാൽ കാണാം. ഈ വിഷയത്തിലുള്ള തന്റെ എല്ലാ പ്രതികരണങ്ങളും അവിടെയുണ്ടെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി വ്യാപകമായി പ്രചാരത്തിലുള്ള ചിഹ്നങ്ങൾ അടങ്ങിയ ബാഗുമായി പ്രിയങ്ക പാർലമെന്റിൽ എത്തിയത്. തണ്ണീർമത്തൻ, കഫിയ്യ, ഒലീവ് ചില്ലകൾ ഉൾപ്പെടെ ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ പ്രതീകങ്ങളെല്ലാം ആലേഖനം ചെയ്ത ബാഗിൽ ഫലസ്തീൻ എന്ന് ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ എംബസിയിൽ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് അൽറാസിഖ് അബൂ ജാസറുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമാണ് പാർലമെന്റിലേക്ക് ഫലസ്തീൻ ബാഗും കൈയിൽ തൂക്കിയുള്ള വരവ്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ നിരന്തരം വിമർശിച്ച കോൺഗ്രസ് നേതാക്കളിലൊരാൾ കൂടിയാണ് പ്രിയങ്ക. ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാൻ എല്ലാ നല്ല മനുഷ്യർക്കും ഉത്തരവാദിത്തമുണ്ടെന്നാണ് അടുത്തിടെ പ്രിയങ്ക എക്‌സിൽ കുറിച്ചത്. അക്രമം അവസാനിപ്പിക്കാൻ എല്ലാവരും ആവശ്യപ്പെടണം. അക്രമങ്ങളെയും വിദ്വേഷത്തെയും എതിർക്കുന്ന ഇസ്രായേലികളും രംഗത്തുവരണമെന്ന് അവർ ആഹ്വാനം ചെയ്തിരുന്നു.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. അമ്മമാരും അച്ഛന്മാരും ഡോക്ടർമാരും നഴ്‌സുമാരും മാധ്യമപ്രവർത്തകരും അധ്യാപകരും എഴുത്തുകാരും കവികളും സന്നദ്ധ സേവകരും നിരപരാധികളായ ആയിരക്കണക്കിനു കുഞ്ഞുങ്ങളുമാണ് ഗസ്സയിൽ ദിനംപ്രതി തുടച്ചുനീക്കപ്പെടുന്നത്. ഭീകരമായ വംശഹത്യയാണ് അവിടെ നടക്കുന്നത്. ഇതു ലോകത്ത് ധാർമികതയും സംസ്‌കാരവുമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. കാടത്തവും നാഗരികതയും തമ്മിലുള്ള സംഘട്ടനമാണെന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ സർക്കാരുമാണ് കാടത്തം കാണിക്കുന്നത്. ഇതിനു മിക്ക പടിഞ്ഞാറൻ രാജ്യങ്ങളും ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും അതു ലജ്ജാകരമാണെന്നും പ്രിയങ്ക വിമർശിച്ചിരുന്നു.
പാർലമെന്റിൽ ഫലസ്തീൻ ബാഗുമായി വന്നതിനെ ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണു നടപടിയെന്നാണ് ബിജെപി എംപി മനോജ് തിവാരി കുറ്റപ്പെടുത്തിയത്. മുസ്‍ലിംകൾക്ക് ഒരു നന്മയും ചെയ്യാതെ വോട്ട് തട്ടാൻ പല അജണ്ടകൾ പ്രയോഗിക്കുകയാണ്. ഈ വിദ്യകളെല്ലാം ഇപ്പോൾ രാജ്യത്തെ ജനങ്ങൾക്കു മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾക്കു വേണ്ടിയാണ് പ്രിയങ്കയുടെ നടപടിയെന്ന് ബിജെപിയുടെ രാജ്യസഭാ എംപി ഗുലാം അലി ഖതാന ആക്ഷേപിച്ചത്.
അതേസമയം, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കു പിന്തുണ അറിയിച്ചുള്ള ബാഗുമായാണ് പാർലമെന്റിൽ എത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കുക എന്ന് എഴുതിയ ബാഗാണു കൈയിലുണ്ടായിരുന്നത്. പ്രതിപക്ഷ എംപിമാരും ഇതേ ബാഗുമായി പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Summary: 'Who is going to decide what I wear?': Priyanka Gandhi on 'Palestine bag' row