ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ അപൂർവം നാടകനടന്മാരിൽ ഒരാളാണ്
പ്രശസ്ത ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കൊല്ലം കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. കരൾരോഗബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്. അമ്മ ജാനകിയമ്മ. 10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ അപൂർവം നാടകനടന്മാരിൽ ഒരാളാണ്. കെ.എസ്.ആർ.ടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയ രംഗത്തെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കന്നത്.
ഇടക്കാലത്ത് നാടകരംഗത്തുനിന്ന് വിലക്ക് ഏർപ്പെടുത്തിയ വേളയിലാണ് സിനിമയിലെത്തിയത്. പ്രേം നസീർ നായകനായ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
അതിനുശേഷം വീണ്ടും കെ.പി.എ.സിയുടെ നാടകഗ്രൂപ്പിൽ ചേർന്നു. 1995ൽ കൈനകരി തിയേറ്റേഴ്സ് എന്ന നാടക ട്രൂപ്പ് രൂപീകരിച്ചു. അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ, ഈ.മ.യൗ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Summary: Actor Kainakary Thankaraj passes away