‘ഇസ്രായേലി ബന്ദികൾ, ഫലസ്തീനി തടവുകാർ’; ചോദ്യം വിലക്കി അമേരിക്കൻ വാർത്താ സമ്മേളനം - മീഡിയ സ്കാൻ
മാധ്യമങ്ങളുടെ ഭാഷ,അവ ഉപയോഗിക്കുന്ന വാക്കുകൾ അടക്കം പ്രധാനമാണ്. കാരണം ഭാഷക്ക് രാഷ്ട്രീയമുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ ഇസ്രായേലികൾ ‘കൊല്ലപ്പെടും’, പക്ഷേ ഫലസ്തീൻകാർ വെറുതെ ‘മരിക്കും’.


ചോദ്യം വിലക്കി അമേരിക്കൻ വാർത്താ സമ്മേളനം
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡൻ ഒഴിയുമ്പോൾ അദ്ദേഹത്തിന്‍റെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒരു വിടവാങ്ങൽ വാർത്താസമ്മേളനം നടത്തി. മുഖം മിനുക്കാനുള്ള ബ്ലിങ്കന്‍റെ ആ ശ്രമം വിപരീത ഫലമാണുണ്ടാക്കിയത്. ഇസ്രായേൽ ബന്ധത്തെപ്പറ്റി ചോദ്യമുന്നയിച്ച രണ്ട് റിപ്പോട്ടർമാരെ പുറത്താക്കേണ്ടി വന്നു. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വാചാലനായ ബ്ലിങ്കൻ മൂർച്ചയുള്ള ചോദ്യങ്ങൾ ജനാധിപത്യത്തിൽ ആവശ്യമാണെന്ന് തത്വം പറഞ്ഞു. അപ്പോൾ ദ ഗ്രേസോൺ ന്യൂസ്‌പോർട്ടലിന്റെ എഡിറ്റർ മാക്സ് ബ്ലുമന്താൾ ചോദ്യമെറിഞ്ഞു. അദ്ദേഹത്തെ ഒരു ജീവനക്കാരി പുറത്താക്കി. അത് കഴിഞ്ഞും ബ്ലിങ്കൻ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി തത്വം പറഞ്ഞു. പ്രസംഗം നീളുന്നു, ചോദ്യങ്ങൾക്ക് സമയം കിട്ടാതാകും എന്ന് തോന്നിയിട്ടാണത്രെ, ഫ്രീലാൻസർ സാം ഹുസൈനി ഒരു ചോദ്യം തൊടുത്തു നോക്കി. ഉടനെ സെക്യൂരിറ്റി ഭടന്മാർ അദ്ദേഹത്തെ തൂക്കിയെടുത്ത് ബലമായി പുറത്താക്കി. വാർത്താസമ്മേളനം തന്നെ ഒരു ചീത്ത വാർത്തയായതെങ്ങനെ? പരിശോധിക്കാം.
ഇസ്രായേലി ബന്ദികൾ, ഫലസ്തീനി തടവുകാർ
മാധ്യമങ്ങളുടെ ഭാഷ -അവ ഉപയോഗിക്കുന്ന വാക്കുകൾ അടക്കം - പ്രധാനമാണ്. കാരണം ഭാഷക്ക് രാഷ്ട്രീയമുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ ഇസ്രായേലികൾ “കൊല്ലപ്പെടും”, പക്ഷേ ഫലസ്തീൻകാർ വെറുതെ “മരിക്കും”. ഇസ്രായേൽ കൊന്ന ഹിന്ദ് റജബിനെ “മരിച്ച നിലയിൽ കണ്ടെത്തി” എന്നായിരുന്നു തലക്കെട്ട്. കുറ്റവാളി ആര്, ഇരയാര് എന്ന് പറയാത്ത പ്രത്യേകതരം ഭാഷ. ഗസ്സ വെടിനിർത്തലിന്‍റെ റിപ്പോർട്ടുകളിലും ഒരു തരംതിരിവ് കണ്ടു. വിട്ടയക്കപ്പെടുന്ന ഇസ്രായേലി തടവുകാരെ "ബന്ദികൾ" എന്നാണ് വിളിക്കുന്നത്. വിട്ടയക്കപ്പെടുന്ന ഫലസ്തീൻകാരെ "തടവുകാർ" എന്നും. സാങ്കേതിക പദാവലി എന്ന് പറഞ്ഞ് ഈ വേർതിരിവിനെ ന്യായീകരിക്കാനാവുമോ?
ക്രൈം റിപ്പോർട്ടിങ്ങിന് പെരുമാറ്റച്ചട്ടം വേണം
പത്രങ്ങളുടെ മുൻപേജിൽ വരെ കുറ്റകൃത്യങ്ങളുടെ വാർത്തകൾ വർദ്ധിക്കുന്നുണ്ട്. സമൂഹത്തിന്‍റെ കണ്ണാടി എന്ന നിലക്ക് മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങൾ തമസ്കരിക്കാനാകില്ല. എന്നാൽ കുറ്റകൃത്യങ്ങൾ നോർമലൈസ് ചെയ്യുന്നതിൽ വാർത്താ കവറേജിന് പങ്കില്ലേ?