ടൂറിസം മേഖലയിൽ പുതിയ നാഴിക കല്ലുകൾ സൃഷ്ടിക്കാന്‍ ഖത്തർ

വിസാരഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടി സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്

Update: 2018-08-27 02:03 GMT
Advertising

ട്രാവല്‍ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഖത്തര്‍. വിസാ രഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടി സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യമായി ഖത്തര്‍ മാറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആല്‍പ്പന്‍ കാപ്പിറ്റല്‍ ബാങ്ക് ജിസിസി ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി മേഖലയില്‍ നടത്തിയ സര്‍വേയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ട്രാവല്‍ ടൂറിസം രംഗത്ത് ഖത്തര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ പരാമര്‍ശിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പതിനേഴര ലക്ഷമാകും. കഴിഞ്ഞ വര്‍ഷത്തെക്കാൾ വലിയ വര്‍ധനവാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായത്. അടുത്ത നാല് വര്‍ഷം കൊണ്ട് ഇത് 29 ലക്ഷമായി വര്‍ധിക്കും. സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് ടൂറിസം മേഖലയില്‍ കൂടുതല്‍ പണം ചിലവഴിക്കാനാണ് ഖത്തര്‍ ഭരണകൂടത്തിന്‍റെ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.05 ശതമാനം അധികം തുകയാണ് ഈ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത്. വരും വര്‍ഷങ്ങളില്‍ ട്രാവല്‍ ടൂറിസം രംഗത്ത് ജിസിസി മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമായി ഖത്തര്‍ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Full View

2022 ലോകകപ്പ് ഫുട്ബോള്‍ മുന്നില്‍ക്കണ്ട് ടൂറിസ്റ്റുകള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ഖത്തര്‍ വേഗത്തില്‍ ചലിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ലഭ്യമായിരുന്ന ഹോട്ടല്‍ മുറികളുടെ എണ്ണം 22461 ആയിരുന്നു. എന്നാല്‍ 2022ൽ അത് നേരെ ഇരട്ടിയായി വര്‍ധിക്കും. 46000 ഹോട്ടല്‍ മുറികളാണ് ലോകകപ്പിനോടനുബന്ധിച്ച് സജ്ജീകരിക്കുക. 2021ൽ പുതുതായി 21 ഹോട്ടലുകള്‍ തുറക്കും. ഇതില്‍ ഭൂരിഭാഗവും ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്.

Tags:    

Similar News