യമനും സിറിയക്കും സഹായം; നാല് കരാറുകള്‍ ഒപ്പുവെച്ചു
യമനിലെയും സിറിയയിലേയും വിവിധ സന്നദ്ധ സംഘടനകളുമായാണ് നാല് കരാറുകള്‍ ഒപ്പു വെച്ചത്.
യമനും സിറിയക്കും സഹായം നല്‍കാന്‍ സൌദി അറേബ്യയിലെ കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ നാല് കരാറുകളില്‍ ഒപ്പു വെച്ചു. സിറിയയുടെ പുരുദ്ധാരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് രണ്ടു കരാറുകള്‍. യമനിലെ ഹൂതികളില്‍ നിന്നും മോചിപ്പിച്ച കുട്ടികളുടെ പുനരധിവാസത്തിനാണ് മറ്റു രണ്ടു കരാറുകള്‍ ഒപ്പു വെച്ചത്.
യമനിലെയും സിറിയയിലേയും വിവിധ സന്നദ്ധ സംഘടനകളുമായാണ് നാലു കരാറുകള്‍ ഒപ്പു വെച്ചത്. റിയാദിലെ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രത്തില്‍ വെച്ച് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹാണ് കരാറുകള്‍ ഒപ്പു വെച്ചത്. സിറിയക്കുള്ള കരാര്‍ പ്രകാരം അലപ്പോയിലും റഖാ പ്രവിശ്യയിലുമാണ് സഹായം നല്‍കുക. ഇവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഘട്ടം ഘട്ടമായി നല്‍കുന്ന തുക ചിലവഴിച്ച് സഹായം നല്‍കും.
ഹമ, അലപ്പോ പ്രവിശ്യകളുടെ പുനരുദ്ധാരണത്തിനും കരാര്‍ പ്രകാരം സഹായം നല്‍കും. ആരോഗ്യം, വ്യവസായം, വ്യാപാരം, പാര്‍പ്പിടം തുടങ്ങി വ്യത്യസ്ത മേഖലകളിലായി പന്ത്രണ്ട് ലക്ഷം ഡോളറാണ് സഹായം നല്‍കുക. ബാക്കി രണ്ടു കരാറുകള്‍ പ്രകാരം യമനിലെ ഹൂതികള്‍ യുദ്ധത്തിനുപയോഗിച്ച കുട്ടികളുടെ പുനരുദ്ധാരണത്തിനാണ്.
ഹൂതികള്‍ ഏറ്റുമുട്ടലിന് ഉപയോഗിച്ച 80 കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ നേട്ടത്തിനാണ് ആറാം ഘട്ടമായി സഹായം നല്‍കുക. കുട്ടികളുടെ രക്ഷിതാക്കള്‍ക്കും കൌണ്‍സിലിങ് നല്‍കും. രണ്ടായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും സഹായം നല്‍കും. രണ്ട് ലക്ഷം ഡോളറാണ് ഇതിനായി നല്‍കുക. കഴിഞ്ഞയാഴ്ച യമനിലേക്കയച്ച സഹായങ്ങള്‍ക്ക് പുറമേയാണിത്.