ലവിയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സൗദി

വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ലവി നിശ്ചിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ ലവി എടുത്തുകളയാനോ പദ്ധതിയില്ല

Update: 2018-11-28 21:07 GMT
Advertising

സൗദിയില്‍ വിദേശ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ ലവിയില്‍ മാറ്റമില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്താ അടിസ്ഥാനരഹിതമാണെന്നും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരിച്ചു.

ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജ്ഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടൊപ്പം ലെവി സംബന്ധിച്ച് സന്തോഷ വാര്‍ത്തയുണ്ടാകുമെന്നും മന്ത്രി ഒറ്റവാക്കില്‍ പറഞ്ഞു. ഇത് വ്യാഖ്യാനിച്ചു കണക്കുകള്‍‌ നിരത്തിയും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ലവി നിശ്ചിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ ലവി എടുത്തുകളയാനോ പദ്ധതിയില്ല. പിന്‍വലിക്കാനും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ഉണര്‍ത്തി.

ലെവിയില്‍ ഇളവുകള്‍ അനിവാര്യമാണെന്ന വാണിജ്യ ചേംബറിന്‍റെ ആഭ്യര്‍ഥന നേരത്തെ തൊഴില്‍ മന്ത്രിയെ അറിയിച്ചിരുന്നു. ലെവി വിഷയത്തില്‍ സന്തോഷ വാര്‍ത്തയുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് കൂടുതല്‍ വിശദാശങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    

Similar News