കളിക്കളത്തിലെ ഓരോ നിമിഷം ആസ്വദിക്കണമെന്ന് ധോണി
എല്ലാവര്‍ക്കും ഒരു പോലെ നല്ല ഒരു പരമ്പര ഉണ്ടാകണമെന്നില്ലെന്നും എന്നാല്‍ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതാണ്
കളിക്കളത്തില്‍ ആനന്ദം കണ്ടെത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യുകയാണ് പരമപ്രധാനമെന്നും വിജയങ്ങള്‍ സ്വാഭാവികമായും വന്നു ചേരുമെന്നും ഇന്ത്യയുടെ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു ധോണി. ഏതാനും പാട്ടുകാരുടെ സാന്നിധ്യത്തില്‍ ടീം അംഗങ്ങള്‍ പങ്കെടുത്ത 45 മിനുട്ട് നീണ്ടു നിന്ന ഡ്രം സെഷനു ശേഷമായിരുന്നു കളിക്കാരുമായി ധോണി സംസാരിച്ചത്. ടെസ്റ്റ് രംഗത്ത് നിന്നും വിരമിച്ചെങ്കിലും പുതിയ പരിശീലകന്‍ കുംബ്ലെയുടെ അഭ്യര്‍ഥന മാനിച്ചാണ് സഹകളിക്കാരുമായി ധോണി സംസാരിച്ചത്.
'45 മിനുട്ട് മുമ്പ് ഡ്രം സെഷനോടു കൂടിയാണ് നമ്മള്‍ തുടക്കം കുറിച്ചത്. ഇതാദ്യമായാണ് ഒരു സംഗീത ഉപകരണം വായിക്കുന്നതെന്ന് നമ്മളില്‍ പലരും തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇത്തരത്തില്‍ നമുക്ക് സ്വയം ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ കളിക്കളത്തില്‍ ഇത്തരത്തില്‍ ആസ്വദിക്കാന്‍ കഴിയും. ഇന്ത്യന്‍ ക്രിക്കറ്റ് മുന്നിലോട്ടുള്ള പ്രയാണത്തിലാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായി നാം സംസാരിക്കുന്നത് ടെസ്റ്റിലേക്ക് കടന്നുവന്ന യുവ കളിക്കാരെ കുറിച്ചാണ്. ടെസ്റ്റ് രംഗത്ത് ചുവടുറപ്പിച്ച ഒരു സംഘം ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും നമുക്കുണ്ട്. രണ്ടോ മൂന്നോ ബാറ്റ്സ്മാന്‍മാരെ കുറിച്ചോ ബൌളര്‍മാരെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്. ഒരു സംഘത്തെ കുറിച്ചാണ്. അതുകൊണ്ടു തന്നെയാണ് ഇനി കടന്നു വരുന്ന ഘട്ടം രസകരമായി മാറുന്നത്. ' - ധോണി പറഞ്ഞു.
എല്ലാവര്‍ക്കും ഒരു പോലെ നല്ല ഒരു പരമ്പര ഉണ്ടാകണമെന്നില്ലെന്നും എന്നാല്‍ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതാണ് വലുതെന്നും ഇന്ത്യ കണ്ട മികച്ച നായകന്‍മാരിലൊരാളായ മഹി സഹകളിക്കാരെ ഓര്‍മ്മപ്പെടുത്തി. കലണ്ടര്‍ വര്‍ഷത്തിലെ 17 ടെസ്റ്റുകളിലും ഈ ഒത്തൊരുമ പ്രകടമാകണം. പരീക്ഷണത്തിന്‍റെ ഈ ഘട്ടം ഒന്നിച്ച് ആസ്വദിക്കുക എന്നത് പരമപ്രധാനമാണ്. സംഘമെന്ന നിലയില്‍ കളിയെ സര്‍വ്വവും മറന്ന് ആസ്വദിക്കുകയാണെങ്കില്‍ നിങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല, അതെനിക്ക് ഉറപ്പാണ്.