സഞ്ജുവിന് സെഞ്ച്വറി; കേരളം പൊരുതുന്നു
ഒന്‍പത് റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ ഓപ്പണര്‍ ജലജ് സക്സേനയും സഞ്ജുവും ചേര്‍ന്ന് കരകയറ്റി
രഞ്ജി ട്രോഫി ക്രിക്കറ്റ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരിനെതിരേ കേരളം പൊരുതുന്നു. സഞ്ജു സാംസണിന്റെ സെഞ്ചുറിയും ജലജ് സക്‌സേനയുടെ അര്‍ധസെഞ്ചുറിയുമാണ് കേരളത്തെ രക്ഷിച്ചത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം ഏഴു വിക്കറ്റിന് 263 റണ്‍സ് എന്ന നിലയിലാണ്. 129 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിലാണ് രണ്ടാം ദിനം കേരളത്തിന്റെ പ്രതീക്ഷകള്‍. 251 പന്തില്‍നിന്ന് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഓപ്പണറായി കളത്തിലിറങ്ങിയ ജലജ് സക്‌സേന 69 റണ്‍സ് നേടി പുറത്തായി. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും കേരള നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. നായകന്‍ രോഹന്‍ പ്രേമിന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഒന്‍പത് റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ജലജ് സക്സേനയും സഞ്ജുവും ചേര്‍ന്ന് കേരളത്തെ കരകയറ്റി. 97 റണ്‍ കൂട്ടിച്ചേര്‍ത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അന്ത്യം കുറിച്ച് സക്‌സേന മടങ്ങി. അതേ സ്‌കോറില്‍ സച്ചിന്‍ ബേബിയും വീണു. നാലു വിക്കറ്റ് നേടിയ സമിയുള്ള ബെയ്ഗ് ജമ്മു ബൗളിംഗ് നിരയില്‍ മികച്ചുനിന്നു. രാം ദയാല്‍ രണ്ടും ഉമര്‍ നാസിര്‍ ഒരു വിക്കറ്റും വീഴ്ത്തി. നായകന്‍ പാര്‍വേശ് റസൂലിന് വിക്കറ്റൊന്നും നേടാനായില്ല.