'അതൊരു തമാശയായിരുന്നു' ഇന്ത്യന്‍ പരിശീലക വിവാദത്തില്‍ വോണിന്റെ വിശദീകരണം
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വോണിന്റെ വിശദീകരണം...
പരിശീലകനെന്ന നിലയില്‍ തന്നെ ബിസിസിഐക്ക് താങ്ങാനാകില്ലെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ ഓസീസ് സ്പിന്നര്‍ ഷൈന്‍ വോണ്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വോണിന്റെ വിശദീകരണം. താന്‍ തമാശയായി പറഞ്ഞ കാര്യം ഊതിവീര്‍പ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നായിരുന്നു വോണിന്റെ ആക്ഷേപം.
ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ തന്നെ സാമ്പത്തികമായി താങ്ങാനുള്ള ശേഷിയില്ലെന്ന് വോണ്‍ പറഞ്ഞതാണ് വാര്‍ത്തയായത്. ഇനി പരിശീലകനായാല്‍ കോഹ്ലിയുമായി മികച്ച ബന്ധമുണ്ടാക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് വോണ്‍ പറഞ്ഞതായി മിഡ് ഡേയാണ് റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നെന്ന ആരോപണമാണ് വോണ്‍ ഉന്നയിച്ചിരിക്കുന്നത്.
മിഡ് ഡേ റിപ്പോര്‍ട്ടറെ ലിഫ്റ്റില്‍ വെച്ചാണ് കണ്ടത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍. എന്നെ താങ്ങാന്‍ ബിസിസിഐക്ക് കഴിയില്ലെന്ന് തമാശയായി പറഞ്ഞതാണ്. കോഹ്ലിയെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ലെന്നും വാര്‍ത്തയില്‍ വന്ന ഈ ഭാഗം പൂര്‍ണ്ണമായും തെറ്റാണെന്നും വോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ 2008 മുതല്‍ 2011 വരെ പരിശീലിപ്പിച്ചത് വോണായിരുന്നു. അന്ന് ശരാശരിക്കാരുടെ സംഘത്തെ ചാമ്പ്യന്‍മാരാക്കി വോണ്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ വോണിന്റെ പേരില്ല.
അനില്‍ കുംബ്ലെയും ഡോഡ ഗണേഷും ലാലാചന്ദ് രജപുത്തും സെവാഗുമാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഇന്ത്യക്കാര്‍. മുന്‍ ഓസീസ് പേസ് ബൗളര്‍ ടോം മൂഡി, ഇംഗ്ലീഷുകാരന്‍ റിച്ചാര്‍ഡ് പൈബസ് ഓസീസ് ബൗളര്‍ ക്രെഗ് മക്‌ഡെര്‍മോര്‍ട്ട് എന്നിവരാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ വിദേശികള്‍. ജൂണ്‍ ഒന്ന് വരെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയക്കാനുള്ള അവസരം.