ഭയക്കേണ്ടത് സ്റ്റെയിനെയോ മോര്‍ക്കലിനെയോ അല്ലെന്ന് വെങ്കിടേഷ് പ്രസാദ്
ഇശാന്തിന് ഉയരമുണ്ട്, വേഗതയുണ്ട്, ആക്രമണോത്സുകതയുമുണ്ട്. എന്നാല്‍ തന്നിലെ അപകടകാരിയെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഭയക്കേണ്ടത് സ്റ്റെയിനെയോ മോണെ മോര്‍ക്കലിനെയോ അല്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ഇന്ത്യ ഭയക്കേണ്ട ബൌളര്‍ റബാഡയാണ്. ചെറുപ്പക്കാരനായ റബാഡയുടെ പന്തുകളുടെ വേഗതയും ബാറ്റ്സ്മാന്‍മാരെ കുഴക്കുന്ന ബൌണ്‍സും റബാഡയെ അപകടകാരിയാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ബൌളിങ് നിരക്കെതിരെ ഇന്ത്യ സ്ഥിരമായി 350 റണ്‍സിലേറെ നേടാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പേസ് ബൌളിങിന്‍റെ കുന്തമുനയായി ഇശാന്ത് ശര്‍മ മാറുമെന്നാണ് പ്രതീക്ഷയെന്ന് പ്രസാദ് പറഞ്ഞു. ഇശാന്ത് ടീമിനൊപ്പമായിട്ട് കാലമേറെയായി. അതിനാല്‍ തന്നെ ബൌളിങിന്‍റെ നേതൃത്വം ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല, ഇശാന്തിന് ഉയരമുണ്ട്, വേഗതയുണ്ട്, ആക്രമണോത്സുകതയുമുണ്ട്. എന്നാല്‍ തന്നിലെ അപകടകാരിയെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ശ്രീനാഥും കപില്‍ദേവും സഹീര്‍ഖാനും അവരുടെ കാലത്ത് നിര്‍വ്വഹിച്ചിരുന്ന ജോലിയാണ് ഇശാന്ത് ചെയ്യേണ്ടത്. ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങുന്ന പ്രകടനം പുറത്തെടുത്തിട്ടുള്ള ഇന്ത്യുടെ പേസ് ബൊളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളോടെ ഏതു രീതിയിലാണ് പൊരുത്തപ്പെടുകയെന്നത് പ്രധാനമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു